കലേന്ദ്രന്റെ തിരോധാനം: സംശയനിഴലിൽ സുഹൃത്തുക്കൾ
text_fieldsകലേന്ദ്രൻ
അഞ്ചൽ: ചണ്ണപ്പേട്ട മൂങ്ങോട് സ്വദേശി കലേന്ദ്രന്റെ (47) തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കലേന്ദ്രന്റെ സുഹൃത്തുക്കളിൽ മാത്രം ഒതുങ്ങുന്നതായി ബന്ധുക്കളുടെ ആരോപണം. 2023 ഡിസംബർ 16 മുതലാണ് കലേന്ദ്രനെ ചണ്ണപ്പേട്ടയിൽ നിന്ന് കാണാതാകുന്നത്. തലേദിവസം സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും ചെറിയ രീതിയിൽ അടിപിടിയുണ്ടായെന്നും പറയപ്പെടുന്നു. തുടർന്ന് കലേന്ദ്രനുൾപ്പെടെയുള്ളവർ കാട്ടുപന്നിയെ പിടികൂടുന്നതിനായി വനത്തിനുള്ളിൽ പ്രവേശിച്ചതായും അവിടെവെച്ച് മറ്റൊരു സംഘവുമായി ഏറ്റുമുട്ടുകയും ചെയ്തതായി പറയപ്പെടുന്നു.
കലേന്ദ്രനുൾപ്പെട്ട സംഘം പിന്തിരിഞ്ഞോടിയെന്നും ഏറെ ദൂരം പിന്നിട്ടപ്പോളാണ് കലേന്ദ്രൻ തങ്ങളോടൊപ്പമില്ലെന്ന് മനസ്സിലായതെന്നും കൂട്ടം തെറ്റിയ കലേന്ദ്രൻ തിരിച്ചത്തുമെന്നാണ് കരുതിയിരുന്നതെന്നുമാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സുഹൃത്തുക്കൾ പറഞ്ഞത്. പൊലീസ് നായയുൾപ്പെടെയുള്ള അന്വേഷണസംഘം വനത്തിനുള്ളിൽ ഡ്രോൺ പറത്തിയും വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല.
കലേന്ദ്രന്റെ കൂട്ടുകാരായ എട്ടുപേരെ പലതവണ പൊലീസ് ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായതൊന്നും ഇവരുടെ മൊഴികളിൽ ഇല്ലായിരുന്നു. ഇതിനിടെ സുഹൃത്തുക്കൾ കലേന്ദ്രനെ കൊന്ന് മാലിന്യക്കൂമ്പാരത്തിൽ താഴ്ത്തിയതാണെന്ന രീതിയിലുള്ള പ്രചാരണം നാട്ടിൽ വ്യാപിച്ചതിനെത്തുടർന്ന് പലരും അപമാനത്താൽ നാടുവിട്ടുപോകുകയുണ്ടായി.
പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ ബന്ധുക്കൾ മനുഷ്യാവകാശ കമീഷൻ മുമ്പാകെ പരാതി നൽകിയതിനെത്തുടർന്ന് പുനലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്.
ഏതാനും ദിവസം മുമ്പ് പൊലീസ് കലേന്ദ്രന്റെ വീട്ടിലെത്തി പലരിൽ നിന്നായി മൊഴിയെടുക്കുകയും നാട്ടിൽ നിന്നു മാറി നിൽക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. കലേന്ദ്രനെ കണ്ടെത്തേണ്ടത് പ്രതികളെന്ന് സംശയിക്കുന്നവരുടേയും ബന്ധുക്കളുടേയും ആവശ്യമായിരിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

