കാടാമ്പുഴ കൂട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം അധിക തടവും 2.75 ലക്ഷം രൂപ പിഴയും
text_fieldsമലപ്പുറം: കാടാമ്പുഴയില്‍ പൂർണ ഗര്‍ഭിണിയേയും ഏഴ് വയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും 15 വർഷം അധിക തടവും 2.75 ലക്ഷം പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡി. സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതി നിഷ്ഠൂരമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി വിലയിരുത്തിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അധിക തടവു ശിക്ഷക്ക് ശേഷമാകും ജീവപര്യന്തം തടവു ശിക്ഷ. കേസില്‍ പ്രതി മുഹമ്മദ് ശരീഫ് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയിലാക്കിയിരുന്നു.
2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതില്‍ കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മയും മകന്‍ ദില്‍ഷാദും നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. തന്റെ രഹസ്യ ബന്ധം പുറത്തറിയാതിരിക്കാന്‍ വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി ശരീഫ് ആണ് ഉമ്മുസല്‍മയെയും മകനെയും കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മ കൊലപാതകത്തിനിടെ പ്രസവിക്കുകയും വേണ്ട പരിചരണം കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തിതിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പഴക്കംചെന്ന മൃതദേഹം കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്.
കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി ഉമ്മുസല്‍മയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയായി. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശരീഫ് ഉമ്മുസല്‍മയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു.