കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ ഈസ്റ്റ് അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളിയെയാണ് (32) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആലുവ ഈസ്റ്റ്, അങ്കമാലി, എടത്തല പൊലീസ് സ്റ്റേഷൻ പരിധികളിൽ അഞ്ച് വർഷത്തിനുള്ളിൽ നരഹത്യാശ്രമം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ജനുവരിയിൽ ആലുവ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ചേലാമറ്റം വല്ലം പുളിയ്ക്കുടി വീട്ടിൽ ഫൈസലിനെയാണ് (33) ആറ് മാസത്തേക്ക് നാട് കടത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പെരുമ്പാവൂർ ആലുവ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 57 പേരെ നാട് കടത്തി. 80 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.

