കെ. രഘുനാഥ് കൊലക്കേസ്; ഡിവൈ.എസ്.പി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
text_fieldsഡിവൈ.എസ്.പി എസ്.വൈ. മോഹൻ
ബംഗളൂരു: ബംഗളൂരുവിൽ വൻ സ്വത്തുള്ള റിയൽ എസ്റ്റേറ്റ് ഉടമയും മുൻ ആന്ധ്രാപ്രദേശ് എം.പിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം കൈകാര്യം ചെയ്യുന്ന) ഡി.കെ. ആദികേശവലുവിന്റെ അടുത്ത വിശ്വസ്തനുമായ കെ. രഘുനാഥ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ആദികേശവലുവിന്റെ മകൻ ഡി.എ. ശ്രീനിവാസ്, മകൾ ഡി.എ. കൽപജ, ബംഗളൂരുവിലെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഡിവൈ.എസ്.പി എസ്.വൈ. മോഹൻ എന്നിവരാണ് അറസ്റ്റിലായത്.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിലപ്പെട്ട സെക്യൂരിറ്റി വ്യാജമായി നിർമിക്കൽ, സർക്കാർ സ്റ്റാമ്പുകളുടെയും സീലുകളുടെയും വ്യാജരേഖ നിർമിക്കൽ, തെളിവ് നശിപ്പിക്കൽ, വ്യാജ തെളിവുകൾ സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റെന്ന് സി.ബി.ഐ വാർത്തക്കുറിപ്പിൽ അറിയിച്ചു.
2013ൽ ആദികേശവലു മരിച്ചതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കം. രഘുനാഥും മുൻ എം.പിയുടെ മക്കളും തമ്മിൽ ചില സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം ഉടലെടുത്തു. സ്വത്തിന്റെ മുഴുവൻ ഉടമ താനാണെന്ന് രഘുനാഥ് വാദിച്ചു. 2019 മേയിൽ രഘുനാഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കർണാടക പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോടതി കയറിയ കേസ് ഒടുവിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സി.ബി.ഐ അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

