ഇസ്രായേലിൽ ജോലി വാഗ്ദാനം: 1.30 കോടി തട്ടിയ കേസിലെ അഞ്ചാം പ്രതി പിടിയിൽ
text_fieldsമുഹമ്മദ് ഒനാസിസ്
കട്ടപ്പന: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി 1.30 കോടിയോളം രൂപ തട്ടിയ കേസിലെ അഞ്ചാം പ്രതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പുതിയമാളിയേക്കൽ മുഹമ്മദ് ഒനാസിസാണ് (42) അറസ്റ്റിലായത്. ധർമടം ഉൾെപ്പടെ സംസ്ഥാനത്ത് അഞ്ചിലധികം സ്റ്റേഷനിൽ വഞ്ചനക്കുറ്റത്തിന് ഇയാൾക്കെതിരെ കേസുണ്ട്.
2019ലാണ് സംഭവം. കട്ടപ്പന സ്വദേശി പൂതക്കുഴി ലിയോ വഴി കട്ടപ്പന സ്വദേശികൾ ഉൾപ്പെടെ വിവിധ ജില്ലകളിൽനിന്നുള്ള 27 പേരിൽ നിന്നാണ് ആറംഗ സംഘം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ആകെ 1.30 കോടിയാണ് തട്ടിയെടുത്തത്. ലിയോ ഉൾപ്പെടെയുള്ളവരുടെ പരാതിയിൽ ഒന്നാം പ്രതി ചേർത്തല സ്വദേശിനി വിദ്യാ പയസിനെ പൊലീസ് ബംഗളൂരുവിൽനിന്ന് നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് രണ്ടുപേർ കൂടി പിടിയിലായി. വിദേശത്തേക്ക് കടന്ന മുഹമ്മദ് ഒനാസിസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബൈയിൽനിന്ന് തിരികെ പഞ്ചാബിലെത്തിയ പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി കേരളത്തിലെത്തിക്കുകയായിരുന്നു.
ഇൻസ്പെക്ടർ വിശാൽ ജോൺസെൻറ നിർദേശപ്രകാരം കട്ടപ്പന സ്റ്റേഷനിലെ എസ്.ഐമാരായ സാബു തോമസ്, എം.പി. മോനച്ചൻ എന്നിവർ കണ്ണൂരിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. കേസിൽ രണ്ടുപേർകൂടി അറസ്റ്റിലാകാനുണ്ട്.