പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
text_fieldsഷാജി
മൂവാറ്റുപുഴ: ഹോം നഴ്സിങ് സ്ഥാപനത്തിന്‍റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു. രാജാക്കാട് മുല്ലക്കാനം വിമലപുരം വാഴേപറമ്പിൽ വി.എസ്. ഷാജി (54) ആണ് പിടിയിലായത്.
തട്ടിപ്പിനിരയായ 15 പേരുടെ പരാതിയിൽ അഞ്ച് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടന്ന് പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ അടൂപറമ്പിൽ ഹോം നഴ്സിങ് സ്ഥാപനം നടത്തി വരികയായിരുന്നു ഇയാൾ പോളണ്ടിലെ സൂപ്പർമാർക്കറ്റുകളിലും ആശുപത്രികളിലും വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്.
ഉദ്യോഗാർഥികളിൽ നിന്ന് ഒന്ന് മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് വാങ്ങിയത്. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതോടെ ഉദ്യോഗാർഥികൾ ഹോം നഴ്സിങ് സ്ഥാപനത്തിൽ എത്തിയെങ്കിലും അടച്ചുപൂട്ടിയ നിലയിലായിരുന്നു.
പണം വാങ്ങിയ ആളുടെ വീട്ടിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടുപങ്കാളികൾ പറ്റിച്ചുവെന്നായിരുന്നു വിശദീകരണം. പണം തിരികെ നൽകാൻ കഴിയില്ലെന്നും അറിയിച്ചു. ഇതേത്തുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിച്ച് പണം തിരികെ വാങ്ങാനായിരുന്നു ഉപദേശം.
ഇതേ തുടർന്നാണ് ഉദ്യോഗാർഥികൾ ഡി.ജി.പിക്ക് പരാതി നൽകിയത്. ഇതോടെ ഒളിവിൽ പോയ ഷാജിയെ തട്ടിപ്പിനിരയായ അടൂപറമ്പ് സ്വദേശിയാണ് കണ്ടെത്തിയത്. മൂവാറ്റുപുഴ പേഴയ്ക്കാ പിള്ളിയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. അടൂപറമ്പ് സ്വദേശി നൽകിയ വിവരത്തെ തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കിടപ്പിടം പണയപ്പെടുത്തിയും വായ്പകൾ വാങ്ങിയുമൊക്കെയാണ് പലരും പണം നൽകിയിരുന്നത്.