പൊലീസ് സ്റ്റേഷനുള്ളിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി; 15 പൊലീസുകാർക്ക് സസ്പെൻഷൻ, മൂന്ന് പേർ അറസ്റ്റിൽ
text_fieldsറാഞ്ചി: ജാർഖണ്ഡിൽ പൊലീസ് സ്റ്റേഷൻ വളപ്പിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 15 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വയർലെസ് ഓപറേറ്റർ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെറൈകേല-ഖർസവാൻ ജില്ലയിലെ ഗംഹാരിയ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഗംഹാരിയ പൊലീസ് സ്റ്റേഷനിൽ നിയമിതനായ വയർലെസ് ഓപറേറ്റർ നീരജ് ലക്രയാണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് ഇതേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ മനോജ് കുമാർ സാഹു, കോൺസ്റ്റബിൾ സന്തോഷ് കുമാർ റായ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്നവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഒക്ടോബർ 31നാണ് യുവതി പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ബലാത്സംഗത്തിനിരയായെന്നാരോപിച്ച് രേഖാമൂലം പരാതി നൽകിയത്. പരാതി ലഭിച്ച ഉടൻ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സെറൈകേല സബ് ഡിവിഷനൽ പൊലീസ് ഓഫിസർ അനുഭവ് ഭരദ്വാജ് പറഞ്ഞു. ആവശ്യമായ എല്ലാ നിയമനടപടികളും ഘട്ടംഘട്ടമായി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനായി സെറൈകേല സബ് ഡിവിഷനൽ പൊലീസ് ഓഫിസർ അനുഭവ് ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ വയർലെസ് ഓപറേറ്റർക്കെതിരെയാണ് പ്രധാന ആരോപണമുയർന്നതെന്നും എസ്.ഡി.പി.ഒ വ്യക്തമാക്കി.
സംഭവം പുറത്തുവന്നതോടെ പൊലീസ് സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളെയും പൊലീസിന്റെ ഉത്തരവാദിത്തത്തെയും ചോദ്യം ചെയ്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി സംവിധാനങ്ങളുടെ അപര്യാപ്തതയും വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലായ്മയും ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ എസ്.ഐ.ടി അന്വേഷണം തുടരുകയാണ്. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

