ഭാര്യയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്നു, ഇൻഷുറൻസിനായി റോഡപകടമായി ചിത്രീകരിച്ചു; യുവാവ് അറസ്റ്റിൽ
text_fieldsഹസാരിബാഗ്: ഭാര്യയെക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തുകയും ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്നതിനായി അപകടമായി ചിത്രീകരിക്കുകയുമായിരുന്നു. ഒക്ടോബർ ഒമ്പതിന് രാത്രിയാണ് സംഭവം.
നാല് മാസം മുമ്പാണ് സേവന്തി കുമാരി(23) എന്ന യുവതിയെ മുപ്പതുകാരനായ മുകേഷ് കുമാർ മേത്ത വിവാഹം ചെയ്തത്. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി സംഭവം റോഡപകടമായി ചിത്രീകരിച്ചതായി പൊലീസ് പറഞ്ഞു. ഒക്ടോബർ 9ന് എൻ.എച്ച് 33 ലെ പദാമ-ഇത്ഖോരി സ്ട്രെച്ചിൽ റോഡപകടത്തിൽ ദമ്പതികൾ പരിക്കേറ്റ് കിടക്കുന്നതായി വഴിയാത്രക്കാരിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അബോധാവസ്ഥയിൽ റോഡിൽ കിടന്ന ദമ്പതികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവതി മരിച്ചതായി ഡോക്ടർ അറിയിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു- പൊലീസ് പറഞ്ഞു.
എന്നാൽ ഭാര്യയുടെ അന്ത്യകർമങ്ങൾക്കിടെ ഭർത്താവിന്റെ പെരുമാറ്റത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ക്ലെയിമിന് അപേക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. അതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒക്ടോബർ 9ന് രാത്രി വയറുവേദനക്ക് ആശുപത്രിയിൽ പോകാൻ ഭാര്യയെ കൊണ്ടുവന്ന് ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ബൈക്കിനും തനിക്കും കേടുപാടുകൾ വരുത്തിയ ശേഷം മൃതദേഹം റോഡിൽ കിടത്തുകായായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
അപകടത്തിന്റെ ആഘാതത്തിൽ സംഭവിക്കാവുന്ന കേടുപാടുകൾ ബൈക്കിന് സംഭവിച്ചിട്ടില്ലെന്നും യുവാവിന്‍റെ പരിക്കുകൾ പോലും നിസ്സാരമാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായും പോലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

