ആഭരണ നിർമാണശാലയിൽ മോഷണം: പ്രതി ബംഗാളിൽ പിടിയിൽ
text_fieldsദീപക് പ്രമാണിക്
കോഴിക്കോട്: പുതിയപാലത്തെ ആഭരണ നിർമാണശാലയിൽനിന്ന് 450 ഗ്രാം സ്വർണം മോഷ്ടിച്ച് കടന്ന തൊഴിലാളിയായ ബംഗാൾ സ്വദേശി കസബ പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ ശ്യാംപൂർ സ്വദേശിയായ ദീപക് പ്രമാണിക് (36) ആണ് പിടിയിലായത്. മോഷ്ടിച്ച സ്വർണത്തിൽ 150 ഗ്രാം ഇയാളിൽനിന്ന് കണ്ടെടുത്തു. കസബ സബ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒരുമാസത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ ബംഗാളിൽ അറസ്റ്റ് ചെയ്തത്.
നടുവണ്ണൂർ സാദിഖിെൻറ ഡാസിൽ എന്ന സ്ഥാപനത്തിൽനിന്ന് ഒക്ടോബർ ആറിന് സ്വർണവുമായി പ്രതി കടന്നുവെന്നാണ് പരാതി. തൃശൂർ, എറണാകുളം, ബംഗാളിലെ 24 ഫർഗാന എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത പ്രതിയെ തേടി ഒരുതവണ അന്വേഷണസംഘം ബംഗാളിൽ പോയെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഡി.സി.പി സ്വപ്നിൽ മഹാജൻ വെസ്റ്റ് ബംഗാൾ പൊലീസുമായി ബന്ധപ്പെട്ട് പ്രതിക്കുള്ള കെണിയെടുക്കുകയായിരുന്നു. അന്വേഷണസംഘത്തിൽ എസ്.ഐ ടി.എസ്. ശ്രീജിത്തിന് പുറമെ എസ്.സി.പി.ഒമാരായ ഷിറിൽദാസ്, പി. മനോജ്, സി.പി.ഒ പ്രനീഷ് എന്നിവരുമുണ്ടായിരുന്നു. ടൗൺ എ.സി.പി ബിജുരാജ്, കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.