ജവാദ് ഇനി പ്രയപ്പെട്ടവരുടെ ഓർമകളിൽ ജീവിക്കും
text_fieldsജവാദിെൻറ മയ്യിത്ത് ഖബർസ്ഥാനിലേക്ക് കൊണ്ടുപോകുന്നു
എടവണ്ണപ്പാറ: സാമൂഹിക പ്രവർത്തകനും മീഡിയവൺ ഹെഡ് ക്വാർട്ടേഴ്സ് ജീവനക്കാരനുമായിരുന്ന എടവണ്ണപ്പാറ-ചീടിക്കുഴി സ്വദേശി ടി.കെ. ജവാദിെൻറ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ കാമശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അർബുദത്തോട് പൊരുതുമ്പോഴും കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജവാദിനെ അവസാനമായി ഒരുനോക്ക് കാണാൻ ഉറ്റവരും ബന്ധുകളുമായി ആയിരങ്ങളാണ് എത്തിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ടിലും പള്ളിയിലും ജനാസ നമസ്കാരത്തിന് സൗകര്യമൊരുക്കിയിരുന്നു.
ചെറുപ്രായത്തിൽ തന്നെ മാരകരോഗത്തിന് അടിമയാണെന്ന് അറിഞ്ഞിട്ടും ആത്മവിശ്വാസംകൊണ്ടും ഇച്ഛാശക്തികൊണ്ടും ജീവിതത്തോട് പോരാടുന്നതോടൊപ്പം സജീവമായ സാമൂഹിക പ്രവർത്തനം നടത്തിയിരുന്നു ജവാദ്. രക്താർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശത്തില്‍ അടിഞ്ഞ സ്രവം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയമായിരുന്നു.
വ്യാഴാഴ്ച വൈകീട്ടായിരുന്നു നാടിെന മുഴുവൻ ദുഃഖത്തിലാഴ്ത്തി ജവാദിെൻറ മരണവാർത്ത എത്തിയത്.
സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ വസതി സന്ദർശിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഫിറോസ് കുന്നംപറമ്പിൽ, ടി.വി. ഇബ്രാഹീം എം.എൽ.എ എന്നിവർ അനുശോചിച്ചു. വാഴക്കാട്ട് നടന്ന അനുശോചന യോഗത്തിൽ വാർഡ് അംഗം സി.പി. ബഷീർ അധ്യക്ഷത വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. അബ്ദുറഹ്മാൻ, ബ്ലോക്ക് അംഗം പി. അബൂബക്കർ, യൂത്ത് ലീഗ് ദേശീയ സമിതി അംഗം സി.കെ. ശാക്കിർ, പി.സി. കരീം, സി. കുമാരൻ, മുജീബ് ആക്കോട് (മീഡിയവൺ), സി.ടി. റഫീഖ്, നൗഷാദ്, സി.കെ. ലത്തീഫ്, എൻ.സി. നസീം എന്നിവർ സംസാരിച്ചു.