ഭാര്യയെയും മൂന്ന് പെൺമക്കളെയും തലക്കിടിച്ച് കൊലപ്പെടുത്തി; പിതാവിന് ചായ കൊടുത്ത് പ്രതി മുങ്ങി
text_fieldsജയ്പൂർ: ഭാര്യയെയും മൂന്ന് പെൺമക്കളെയും കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ യുവാവ് അടുത്ത ദിവസം രാവിലെ വൃദ്ധനായ പിതാവിന് ചായ ഉണ്ടാക്കികൊടുത്ത് മുങ്ങി. രാജസ്ഥാനിൽ ജയ്പൂരിലെ കർധാനിയിലാണ് സംഭവം. രാഹുൽ ഝാ എന്ന യുവാവാണ് ഞെട്ടപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത് കടന്നുകളഞ്ഞത്.
ഭാര്യ ഗീതാ ഝാ (40), മക്കളായ നന്ദിനി (23), രാധിക (18), 14 വയസ്സുള്ള ഇളയ മകൾ എന്നിവരെ തലയ്ക്കും മുഖത്തും ക്രൂരമായി ഇടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാത്രി വൈകിയാണ് കൊലപാതകങ്ങൾ നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കൊലപാതക വിവരം പൊലീസിന് ലഭിച്ചത്.
ഗീത ഝായുടെ മൃതദേഹം ഒന്നാം നിലയിലും മക്കളുടെ മൃതദേഹങ്ങൾ താഴത്തെ നിലയിലെ രണ്ട് വ്യത്യസ്ത മുറികളിലായാണ് കണ്ടെത്തിയത്. ക്രൂരകൃത്യം നടപ്പാക്കിയതിന് ശേഷവും പ്രതി സാധാരണ പോലെയാണ് പെരുമാറിയത്. രാവിലെ 7 മണിയോടെ പാൽക്കാരനിൽ നിന്ന് പാൽ വാങ്ങുകയും വൃദ്ധനായ പിതാവ് ലക്ഷ്മിനാഥിന് ചായ ഉണ്ടാക്കികൊടുക്കുകയും ചെയ്ത ശേഷമാണ് ഇയാൾ വീട് വിട്ടുപോയത്.
കൊലപാതകത്തിന് ഉപയോഗിച്ച കല്ല് പൊലീസ് കണ്ടെടുത്തു. കൊലയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയും കുടുംബവഴക്കുമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഗുജറാത്തിൽ നിന്ന് ജയ്പൂരിലെ വീട്ടിൽ ഇയാൾ തിരിച്ചെത്തിയത്. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഇയാൾ അയൽവാസിയോട് 25,000 രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ഷെയർ ട്രേഡിംഗിൽ ഏർപ്പെട്ടിരുന്ന രാഹുൽ ഝാ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗുജറാത്തിൽ നിന്ന് ജയ്പൂരിലേക്ക് മടങ്ങിഎത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

