ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട; കുപ്രസിദ്ധ ക്രിമിനലടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsനിസാര്‍, ഷമീം
ഇരിട്ടി: കാറില്‍ കടത്തുകയായിരുന്ന 96 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടുപേർ പിടിയിൽ. ചിറക്കല്‍ വിവേകാനന്ദ റോഡില്‍ അനു നിഷാന്സ് ഹൗസില്‍ വി.പി. ഷമീം എന്ന ചാണ്ടി ഷമീം (45), കൊളച്ചേരി പറമ്പില്‍ കണ്ടേന് ഹൗസില്‍ കെ. നിസാര്‍(35) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എ. കുട്ടികൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരിട്ടി ഇൻസ്പെക്ടർ സിജിത്ത് അറസ്റ്റ് ചെയ്തത്. കൂട്ടുപുഴയില്വെച്ച് ലഹരിവിരുദ്ധ സ്ക്വാഡായ ഡാന്സാഫുൾപ്പെടുന്ന സംഘം കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ പജേറോ കാര്‍ പൊലീസ് പിന്തുടര്ന്ന് വിളമന കുന്നോത്ത് തടഞ്ഞുവെക്കുകയായിരുന്നു.
തുടര്‍ന്ന് വാഹന പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ കണ്ടത്. വാഹനത്തില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കാര്‍ പൊലീസ് പരിശോധിക്കുന്നതിനിടയില്‍ ഷമീം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് കിളിയന്തറയിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ കാര്‍ എത്തിച്ച് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഉയര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിന്റെ മുന്‍ഭാഗം ഇടതുവശത്ത് അടിയിലായി ലോവര്‍ ആമില്‍ കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പെട്ടി കാണപ്പെട്ടത്. അത് കാറില്‍ അധികമായി ഘടിപ്പിച്ചതായിരുന്നു. ഇതിലാണ് വെള്ള പോളിത്തീന്‍ കവറില്‍ എം.ഡി.എം.എ കാണപ്പെട്ടത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായ ഷമീം മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ്. 2023 മാര്‍ച്ച് മൂന്നാംതീയതി വളപട്ടണം പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി അഞ്ച് വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച കേസിലും പ്രതിയാണ്. ഈ കേസില്‍ മാര്‍ച്ച് 14ന് രാവിലെ ഇയാള്‍ ഒളിച്ചുതാമസിക്കുന്ന ചിറക്കല്‍ കോട്ടക്കുന്നിലെ കെട്ടിടത്തില്‍ പിടികൂടാനെത്തിയ പൊലീസുകാരെയും ആക്രമിച്ചിരുന്നു. അന്ന് പൊലീസ് സംഘം സാഹസികമായാണ് ഷമീമിനെ കീഴടക്കിയത്.
കഴിഞ്ഞ ഏപ്രില്‍ 13ന് കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ അതിക്രമിച്ചുകയറി അത്യാഹിത വിഭാഗത്തിന്റെ മുന്‍വശത്തെ വാതിലും ജനലും തകര്‍ക്കുകയും ജീവനക്കാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കാപ്പ ചുമത്തി നേരത്തേ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. എസ്.ഐ വിപിന്‍, പൊലീസുകാരായ പ്രവീണ്‍, സുധീഷ്, ആദര്‍ശ്, ഡാന്‍സാഫ് ടീമിലെ ഷൗക്കത്തലി, അനൂപ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇരിട്ടി ഡിവൈ.എസ്.പി പി.കെ. ധനഞ്ജയബാബു പ്രതികളെ ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

