നിക്ഷേപ തട്ടിപ്പ്: കണ്ണൂർ അർബൻ നിധി അസി. ജനറൽ മാനേജർ കീഴടങ്ങി
text_fieldsകണ്ണൂർ: നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികൾ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കണ്ണൂർ അർബൻ നിധി ലിമിറ്റഡ് അസി. ജനറൽ മാനേജർ കോടതിയിൽ കീഴടങ്ങി. കണ്ണൂർ ആദികടലായി വട്ടംകുളത്തെ സി.വി. ജീനയാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റിമാൻഡ് ചെയ്തു.
കമ്പനി ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി, തൃശൂർ വരവൂർ കുന്നത്ത് പീടികയിൽ കെ.എം. ഗഫൂർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ മറ്റു ഡയറക്ടർമാരും ജനറൽ മാനേജർ, ബ്രാഞ്ച് മാനേജർ തുടങ്ങി ഏഴുപേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. വഞ്ചനക്കുറ്റമാണ് കമ്പനി ജീവനക്കാർക്കെതിരെയുള്ള കേസ്. കണ്ണൂർ അർബൻ നിധി, അനുബന്ധ സ്ഥാപനമായ എനി ടൈം മണി (എ.ടി.എം) എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ നൂറുകണക്കിനുപേരാണ് കമ്പനിയിൽ പണം നിക്ഷേപിച്ചത്. വാഗ്ദാനം ചെയ്ത പലിശക്കു പുറമെ മുതലും കിട്ടാതെ വന്നപ്പോഴാണ് പണം നിക്ഷേപിച്ചവർ പരാതിയുമായി വന്നത്. 140 പേരുടെ പരാതികളിലായി അഞ്ചുകോടിയുടെ തട്ടിപ്പാണ് പുറത്തുവന്നത്.
കമ്പനിക്ക് 35 കോടിയുടെ ബാധ്യതയുണ്ട്. നേരത്തേ അറസ്റ്റിലായ ഡയറക്ടർമാരായ ഷൗക്കത്ത് അലിയെയും കെ.എം. ഗഫൂറിനെയും കണ്ണൂർ ടൗൺ സി.ഐ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

