നിക്ഷേപത്തട്ടിപ്പ്: കേസെടുക്കാൻ കോടതി നിർദേശം
text_fieldsഹരിപ്പാട്: നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കുമാരപുരം കാട്ടിൽ മാർക്കറ്റ് 1101ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ ഹരിപ്പാട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകി. ആരോപണ വിധേയരായ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് സ്വീകരിച്ച നിക്ഷേപങ്ങൾ തിരികെ നൽകിയില്ലെന്നാണ് പരാതി. ഇതുവരെ 17 കേസ് എടുത്തിട്ടുണ്ടെന്നും ആറ് കേസുകൾ കൂടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.
നിയമവിരുദ്ധമായാണ് ശാഖ യോഗം ഈ ഇടപാടുകൾ നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ശാഖ യോഗം പ്രസിഡന്റ് കുമാരപുരം ബീന ഭവനത്തിൽ താരാസുധൻ, വൈസ് പ്രസിഡന്റ് പടിഞ്ഞാറേ കാട്ടിൽ തങ്കപ്പൻ, യൂനിയൻ കമ്മിറ്റി അംഗം മൂലക്കാട്ടിൽ വീട്ടിൽ എൻ. രതീഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ ആനന്ദഭായ്, ബാബു, സുലഭ, പവിത്രൻ, ദിലീപ്, ബാലകൃഷ്ണൻ, സദാനന്ദൻ എന്നിവരെ പ്രതിചേർത്താണ് പൊലീസ് കേസ്. കഴിഞ്ഞ ഒക്ടോബറിൽ ശാഖ യോഗം സെക്രട്ടറിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സാമ്പത്തിക ക്രമക്കേടുകൾ ചർച്ചയായത്.

