യൂത്ത്ലീഗ് നേതാവിന് നേരെ ലഹരി മാഫിയ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
text_fieldsസിദ്ദീഖ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ
തിരൂരങ്ങാടി: മുസ്ലിം യൂത്ത്ലീഗ് നേതാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരിക്ക്. തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് സി.എച്ച്. അബൂബക്കര്‍ സിദ്ദീഖിന് നേരെയാണ് ലഹരി മാഫിയ ആക്രമണം നടത്തിയത്. സ്കൂള്‍ കേന്ദ്രീകരിച്ച് വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്സൈസിന് വിവരം നല്‍കിയത് സിദ്ദീഖാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരാളെ തിങ്കാളാഴ്ച വൈകീട്ടോടെ തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂരങ്ങാടി പള്ളിപറമ്പ് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.
തിരൂരങ്ങാടി വെള്ളിക്കാട് റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കൻഡറി റോഡിലൂടെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന അബൂബക്കര്‍ സിദ്ദീഖിനെ എറിഞ്ഞു വീഴ്ത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ആഞ്ഞടിക്കുകയും ചെയ്തതായും കല്ല് കൊണ്ട് നെഞ്ചത്ത് കുത്തിപരിക്കേല്‍പ്പിച്ചതായും അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു.
ആക്രമണത്തില്‍ നെഞ്ചിന് പരിക്കേറ്റ സിദ്ദീഖിന്റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോൺ തകര്‍ന്നു. പ്രദേശവാസികളായ രണ്ടാളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് അബൂബക്കര്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടിയിലും പരിസര പ്രദേശത്തും കഞ്ചാവ് ഉപയോഗവും വില്പനയും സജീവമായി നടക്കുന്നതായ വിവരം എക്സൈസിന് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് യുവാക്കളുടെ ആക്രമണമുണ്ടായത്. തിരൂരങ്ങാടി ഹയര്‍സെക്കൻഡറി സ്കൂള്‍ പരിസരങ്ങളിലും അനുബന്ധ റോഡുകളിലും ലഹരി ഉപയോഗവും വില്പനയും നടക്കുന്നതായാണ് വിവരം.
നേരത്തെ ഇതിനെതിരെ പ്രതികരിച്ചതിന് ലഹരി സംഘത്തിന്റെ അതിക്രമങ്ങള്‍ നേരിട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടി സ്കൂളുകളില്‍ നടന്ന ആക്രമണ-മോഷണ സംഭവങ്ങള്‍ക്ക് പിന്നിലും ലഹരി മാഫിയകളാണെന്നും സിദ്ദീഖ് പറഞ്ഞു. പരിക്കേറ്റ സിദ്ദീഖ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

