അന്തർ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; ഭീതിയൊഴിയാതെ പ്രദേശവാസികൾ
text_fieldsഎകരൂൽ: താമസിക്കുന്ന കെട്ടിടത്തിന്റെ സമീപത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെതുടർന്ന് ഝാർഖണ്ഡ് സ്വദേശി പരമേശ്വർ (25) കുത്തേറ്റ് മരിച്ച വിവരമറിഞ്ഞതോടെ പരിസരവാസികൾ ഭീതിയിലായി. പൊലീസ് കസ്റ്റഡിയിലുള്ള ഝാർഖണ്ഡ് സ്വദേശികളായ ഏഴു പേരിൽ രണ്ടുപേര്‍ അറസ്റ്റിലായി. സുനില്‍ റാം ഒറോണ്‍, ഘനശ്യാം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജോഹൻ, അനന്ദ്, സോമനാഥ്, ചമ്പാൻ, സഹദേവ് എന്നിവരാണ് കൊലപാതകത്തിൽ കസ്റ്റഡിയിലുള്ളവർ.
എകരൂൽ ടൗണിനോട് ചേർന്ന കൈപ്പുറത്ത് പറമ്പിൽ ജനവാസമേഖലയിലാണ് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുള്ളത്. ഏതാനും മീറ്ററുകൾ അകലെ കെട്ടിടത്തിന്റെ വളപ്പിൽ പറമ്പിലെ കെട്ടിടത്തിലും തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവർ സ്ഥിരമായി മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഈ ഏഴുപേരും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
കൊലപാതകം നടന്ന കെട്ടിടത്തിന്റെ തൊട്ടടുത്താണ് നൂറുകണക്കിന് കുട്ടികൾ മതപഠനം നടത്തുന്ന മദ്റസ സ്ഥിതി ചെയ്യുന്നത്. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ വളപ്പിൽ പഴയവീടിന്റെ പരിസരത്ത് മദ്യക്കുപ്പികൾ കൂട്ടിയിട്ട നിലയിലാണ്. ഈ രണ്ട് വീടുകളിലുമായി 50 ലധികം പേർ താമസിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. നിർമാണമേഖലയിൽ ജോലി ചെയ്യുന്നവരാണ് ഏറെയും. ഞായറാഴ്ച രാത്രി 10 മണിയോടെ വാക്കുതർക്കത്തിനൊടുവിലാണ് പരമേശ്വറിന് കുത്തേൽക്കുന്നത്. നെഞ്ചിലും പുറത്തുമായി എട്ടോളം മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. നെഞ്ചിലേറ്റ കുത്ത് ആന്തരികാവയവങ്ങളടക്കം തകർത്ത നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

