അരി കടത്താൻ ശ്രമിച്ചെന്ന് പരാതി:റേഷൻ കടയിൽ പരിശോധന, ക്രമക്കേട് കണ്ടെത്തി
text_fieldsകാക്കനാടിന് സമീപം നിലംപതിഞ്ഞിമുകളിലെ റേഷൻകടയിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന
നടത്തിയപ്പോൾ
കാക്കനാട്: റേഷൻ കടയിൽനിന്ന് അരി കടത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ സപ്ലൈസ് അധികൃതർ പരിശോധന നടത്തി. കണയന്നൂർ താലൂക്ക് സപ്ലൈ ഓഫിസർ എസ്. സ്മിതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. അരി, മണ്ണെണ്ണ, ആട്ട, ഓണക്കിറ്റ് എന്നിവയാണ് കണക്കിലും കുറവുള്ളതായി വ്യക്തമായത്. കാക്കനാടിന് സമീപം നിലംപതിഞ്ഞിമുകളിലെ 57ാം നമ്പർ റേഷൻ കടയിലാണ് കഴിഞ്ഞദിവസം അധികൃതരെത്തി കണക്കെടുപ്പ് നടത്തിയത്. 190 കിലോഗ്രാം ആട്ടയും 48 ലിറ്റർ മണ്ണെണ്ണയും 28 കിലോ പുഴുക്കലരിയുമാണ് കുറവുള്ളതായി കണ്ടെത്തിയത്.
രേഖകളിൽ ഉള്ളതിനേക്കാൾ 10 ഓണക്കിറ്റുകളും കുറവായിരുന്നു. അതേസമയം കണക്കിലുള്ളതിനേക്കാൾ 145 കിലോ പച്ചരിയും 273 കിലോ കുത്തരിയും കൂടുതൽ ഉണ്ടെന്നും വ്യക്തമായി. റേഷൻ വാങ്ങുന്നതിനുള്ള ഈ പോസ് മെഷീനിൽ സാധനങ്ങൾ രേഖപ്പെടുത്തുന്നതിൽ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. കടയുടമയിൽനിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാത്രിയായിരുന്നു പരിശോധനക്ക് ആസ്പദമായ സംഭവം. കാലിച്ചാക്കുകൾ കൊണ്ടുപോകുന്നതിനുള്ള പിക്അപ് വാഹനത്തിൽ കൊണ്ടുപോകാനായി കയറ്റിയ അരിച്ചാക്കുകൾ കൗൺസിലറും നാട്ടുകാരും ചേർന്ന് പിടികൂടി. പുറകു വശം ഷീറ്റ് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. റേഷൻ കടയുടെ മുന്നിലേക്ക് വാഹനം ചേർത്ത് നിർത്തിയ നിലയിൽ കണ്ടതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. അരി തിരിച്ചിറക്കിച്ചെങ്കിലും വാഹനവുമായി ഡ്രൈവർ കടന്നുകളയുകയായിരുന്നു. തുടർന്ന് തൃക്കാക്കര നഗരസഭ കൗൺസിലർ എം.ഒ വർഗീസിന്റെ പരാതിയെ തുടർന്നാണ് സിവിൽ സപ്ലൈസ് അധികൃതർ നടപടി എടുത്തത്.