Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപഞ്ചാബ് ജയിലിൽ...

പഞ്ചാബ് ജയിലിൽ തടവുകാരുടെ ലഹള: ബാരക്കുകൾ തല്ലിത്തകർത്തു, തീയിടാൻ ശ്രമം; മൂന്ന് തടവുകാർക്ക് പരിക്ക്

text_fields
bookmark_border
പഞ്ചാബ് ജയിലിൽ തടവുകാരുടെ ലഹള: ബാരക്കുകൾ തല്ലിത്തകർത്തു, തീയിടാൻ ശ്രമം; മൂന്ന് തടവുകാർക്ക് പരിക്ക്
cancel

ചണ്ഡീഗഢ്: പഞ്ചാബിലെ അതീവ സുരക്ഷയുള്ള കപൂർത്തല സെൻട്രൽ ജയിലിനുള്ളിൽ തടവുകാർ അഴിച്ചുവിട്ട അക്രമത്തിൽ വൻ നാശനഷ്ടം. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ജയിൽ കോമ്പൗണ്ടിനെ യുദ്ധക്കളമാക്കിയ ലഹള അരങ്ങേറിയത്. തടവുകാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ആരംഭിച്ച സംഘർഷം പിന്നീട് ജയിൽ ജീവനക്കാർക്കും പൊലീസിനുമെതിരെയുള്ള ആക്രമണമായി മാറുകയായിരുന്നു. അക്രമികൾ ബാരക്കുകൾ തല്ലിത്തകർക്കുകയും ജയിലിന്റെ ഒരു ഭാഗത്തിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു.

സ്ഥിതിഗതികൾ വഷളായതോടെ ജലന്ധർ റേഞ്ച് ഡി.ഐ.ജി, കപൂർത്തല എസ്.പി ഗൗരവ് തൂറ എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥർ ജയിലിലേക്ക് കുതിച്ചെത്തി. അക്രമാസക്തരായ തടവുകാരെ അമർച്ച ചെയ്യാൻ പൊലീസിന് ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും നടത്തേണ്ടി വന്നു. പൊലീസിന്റെ നടപടിയിൽ മൂന്ന് തടവുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജയിൽ ചാട്ടത്തിനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികളെ പാർപ്പിച്ചിരുന്ന ജയിലിലെ നാലാം നമ്പർ ബാരക്കിലാണ് സംഘർഷം ഉടലെടുത്തത്. തടവുകാരെ മറ്റ് ബാരക്കുകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ ലഹളയിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അക്രമാസക്തരായ തടവുകാർ നാലാം നമ്പർ ബാരക്കിന്റെ ഉൾച്ചുവരുകൾ ഇടിച്ച് നിരത്തുകയും സി.സി.ടി.വി കാമറകളും ജയിൽ വാതിലുകളും തല്ലിത്തകർക്കുകയും ചെയ്തു.

ജയിലിനുള്ളിലെ ചില സാധനസാമഗ്രികൾക്ക് തടവുകാർ തീയിട്ടു. കത്തിയ പന്തങ്ങളുമായി തടവുകാർ ജയിലിന്റെ മേൽക്കൂരയിൽ കയറി മുദ്രാവാക്യം വിളിച്ചു. അടുക്കളയിൽ നിന്നും എൽ.പി.ജി സിലിണ്ടറുകൾ എടുത്തുകൊണ്ടുവന്ന് പൊലീസിനെയും ജയിൽ ജീവനക്കാരെയും തടവുകാർ ഭീഷണിപ്പെടുത്തി. സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണമുണ്ടായി.

ലഹള പടർന്നതോടെ അഞ്ചിലധികം ആംബുലൻസുകൾ ജയിലിന് പുറത്ത് സജ്ജമാക്കി നിർത്തിയിരുന്നു. അർദ്ധരാത്രിയോടെയാണ് ജയിലിലെ സ്ഥിതിഗതികൾ പൂർണ്ണമായി പൊലീസിന്റെ നിയന്ത്രണത്തിലാക്കാൻ സാധിച്ചത്. അതിനിടെ ജയിലിനുള്ളിൽ നിന്നും തടവുകാർ തന്നെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിൽ അധികൃതർ തങ്ങളെ ക്രൂരമായി മർദ്ദിച്ചുവെന്നും തടവുകാർക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തിയെന്നും ഒരു തടവുകാരന് വെടിയേറ്റതായും വിഡിയോയിൽ ആരോപിക്കുന്നുണ്ട്. എന്നാൽ ജയിലിനുള്ളിൽ വെടിവെപ്പ് നടന്നിട്ടില്ലെന്ന് ഗൗരവ് തൂറ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ ജയിൽ അധികൃതരും പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തടവുകാരിൽ നിന്ന് ഇരുമ്പ് വടികളും വടികളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. വിഡിയോകൾ ചിത്രീകരിക്കാൻ തടവുകാർ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയിലെ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈബർ വിഭാഗം.

അക്രമം നടത്തിയ തടവുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, കലാപശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് പുറമെ പ്രിസൺസ് ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്ത് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ജയിലിനുള്ളിലെ സുരക്ഷ നിലവിൽ ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsthreateninmatesPunjab jailViolence
News Summary - Inmates clash in Punjab's Kapurthala jail, vandalise barracks, trigger fire scare
Next Story