കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈറും കൂട്ടാളികളും പിടിയിൽ; കുടുക്കിയത് വൻതുകക്ക് ലോട്ടറിയെടുക്കുന്ന സ്വഭാവം
text_fields1. സുബൈർ, 2. ഷിറാജ്, 3. റഫീഖ്
മാവേലിക്കര: നിരവധി മോഷണക്കേസുകളിൽ പ്രതിയായ പക്കി സുബൈറും കൂട്ടാളികളും മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘത്തിെൻറ പിടിയിലായി.
കൊല്ലം ശൂരനാട് വടക്ക് കുഴിവിള വടക്കതിൽ സുബൈർ (പക്കി സുബൈർ -49), ഇയാളെ മോഷണമുതലുകൾ വിൽക്കാനും പണയംവെക്കാനും സഹായിച്ച ശൂരനാട് തെക്ക് വലിയവിള വടക്കതിൽ ഷിറാജ് (41), പറക്കോട് റഫീഖ് മൻസിലിൽ റഫീഖ് (39) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലയിലെ നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധികളിൽ വീടുകൾ കുത്തിത്തുറന്നും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്തും മോഷണം നടത്തിവന്ന സുബൈറിന്റെ പേരിൽ 42 മോഷണക്കേസുണ്ട്.
ജില്ലയുടെ തെക്കൻ മേഖലയിൽ മോഷണങ്ങൾ പതിവായതിനെ തുടർന്നാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. എഴുതാനും വായിക്കാനും അറിയാത്ത സുബൈർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ പകൽ സഞ്ചരിക്കും. എസ്.ഐ മുഹ്സിൻ മുഹമ്മദ്, സീനിയർ സി.പി.ഒമാരായ സിനു വർഗീസ്, ആർ. രാജേഷ് കുമാർ, ജി. ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, റിയാസ്, സി.പി.ഒമാരായ അരുൺ ഭാസ്കർ, വി.വി. ഗിരീഷ് ലാൽ, എസ്. ജവഹർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
സുബൈറിനെ കുടുക്കിയത് വൻതുകക്ക് ലോട്ടറി ടിക്കറ്റുകളെടുക്കുന്ന സ്വഭാവം
മാവേലിക്കര: പക്കിസുബൈറിനെ കുടുക്കിയത് വൻതുകക്ക് ലോട്ടറി ടിക്കറ്റുകളെടുക്കുന്ന സ്വഭാവം. മോഷ്ടിച്ചുകിട്ടുന്ന പണംകൊണ്ട് സുബൈർ പ്രതിദിനം അയ്യായിരത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകളെടുക്കാറുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. മോഷണം നടത്താത്ത സ്ഥലങ്ങളിലെ ലോട്ടറിക്കടകളിൽനിന്നാണ് ഇങ്ങനെ ടിക്കറ്റെടുത്തിരുന്നത്. ഇങ്ങനെ ലോട്ടറിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്ഥിരമായി ടിക്കറ്റെടുക്കാനെത്തിയിരുന്ന കടയിൽനിന്ന് ഇയാളെ പിടികൂടിയത്.