ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തയാളെ മർദിച്ചതായി പരാതി
text_fieldsസോണി ജോസഫ് ആശുപത്രിയിൽ
ആലപ്പുഴ: നഗരത്തിലെ ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യംചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വഴിയിൽ തടഞ്ഞുനിർത്തി ഹോം സ്റ്റേ ഉടമയും സഹായിയും ചേർന്ന് മർദിച്ചതായി പരാതി.സംഭവത്തിൽ രണ്ടുപേരെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം ആലപ്പുഴ മുല്ലക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനാണ് (37) മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം.
ആലപ്പുഴ അഗ്നിരക്ഷാ സേന ഓഫിസ് ഭാഗത്തുവെച്ച് വാഹനത്തിൽ എത്തിയ സോണി ജോസഫിനെ തടഞ്ഞുനിർത്തി ഹോം സ്റ്റേ നടത്തിപ്പുകാരനും സി.ഐ.ടി.യു പ്രവർത്തകനുമായ സുധീറും സഹായി സുനിയും ചേർന്ന് മർദിച്ചതായാണ് പരാതി. തുടർന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിലെടുത്തു. നെഞ്ചിനും നടുവിനും പരിക്കേറ്റ സോണിയെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേന ഓഫിസിന് സമീപം പ്രവർത്തിക്കുന്ന ഹോം സ്റ്റേയിലെ അനാശാസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് പിന്നില്ലെന്ന് സൗത്ത് പൊലീസ് പറഞ്ഞു. ഹോം സ്റ്റേക്ക് എതിരെ മുമ്പ് ഇത്തരം ആരോപണം ഉയർന്നപ്പോൾ വാർഡ് കൗൺസിലറും റെസിഡന്‍റ്സ് അസോസിയേഷനും പ്രതിഷേധമുയർത്തിയതോടെ പൊലീസ് പൂട്ടിച്ചിരുന്നു.
തുടർന്നാണ് നിലവിലെ നടത്തിപ്പുകാരൻ ഹോംസ്റ്റേ ഏറ്റെടുത്തത്.അതേസമയം, ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച തിരുമല ബി. ബ്രാഞ്ച് അംഗം ടി.എ. സുധീറിനെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് എടുത്ത തീരുമാനം ജില്ല കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

