‘ഒരു ലൈംഗീക കുറ്റവാളിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നു, അത് സാധിച്ചു,’ കാലിഫോർണിയയിൽ ബാലപീഡന കേസ് പ്രതിയെ കുത്തിക്കൊന്ന് ഇന്ത്യൻ യുവാവ്
text_fieldsന്യൂഡൽഹി: ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് കാലിഫോർണിയയിൽ അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ സുരേഷ് (29) ആണ് പിടിയിലായത്. ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന ഡേവിഡ് ബ്രിമറിനെയാണ് (71) ഇയാൾ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് സുരേഷിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളിൽ നിന്ന് കണ്ടെടുത്തു.
കോടതി രേഖകൾ പ്രകാരം ദീർഘനാളുകളായി ഒരു ലൈംഗീകാതിക്രമിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് വരുണിന്റെ മൊഴി. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇത്തരക്കാർ കൊല്ലപ്പെടേണ്ടതുണ്ടെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കുറ്റവാളികളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന കാലിഫോർണിയ മീഗൻസ് ലോ ഡാറ്റാബേസിൽ തിരഞ്ഞാണ് വരുൺ ഇരയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 1995ൽ ബാലികയെ പീഡിപ്പിച്ച കേസിൽ ഒമ്പതുവർഷം ജയിൽ ശിക്ഷയനുഭവിച്ച ആളാണ് ഡേവിഡ് ബ്രിമർ. വരുണും ഇരയാക്കപ്പെട്ട ഡേവിഡും തമ്മിൽ മുൻപരിചയം ഇല്ലായിരുന്നുവെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
പബ്ളിക്ക് അക്കൗണ്ടന്റ് എന്ന ഭാവേനെയാണ് ഇയാൾ ഡേവിഡ് ബ്രിമറുടെ വീടിന് മുമ്പിൽ എത്തിയത്. സ്വയം പരിചയപ്പെടുത്തുന്നതിനിടെ ‘എനിക്ക് ശരിയായ ആളെ തന്നെ കിട്ടുമെന്ന് ഉറപ്പായിരുന്നു’ എന്ന് വരുൺ പറഞ്ഞതിൽ സംശയം തോന്നിയ ബ്രിമർ രക്ഷപ്പെടാൻ ശ്രമിച്ചു. പുറത്തിറങ്ങി ഓടിയ ബ്രിമറിനെ പിന്നാലെയെത്തി കുത്തിവീഴ്ത്തിയ വരുൺ ഇയാളുടെ കഴുത്തറക്കുകയായിരുന്നു. ഇതിനിടെ ‘പശ്ചാത്തപിക്കൂ’ എന്ന് ഇയാൾ അലറിയിരുന്നെന്നും ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുറ്റകൃത്യത്തിന് ശേഷം വരുൺ പൊലീസ് എത്തും വരെ സംഭവ സ്ഥലത്ത് തന്നെ തുടരുകയായിരുന്നു.
കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവർ കൊല്ലപ്പെടേണ്ടവരാണെന്ന് വരുൺ പൊലീസിനോടും ആവർത്തിച്ചു. 2021ൽ ഫ്രെമോണ്ടിലെ ഹയാത്ത് പ്ളേസ് ഹോട്ടൽ സി.ഇ.ഒ ശിശുപീഡകൻ ആണെന്നാരോപിച്ച് വ്യാജ ബോംബ് ഭീഷണി നടത്തിയതിന് വരുണിനെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

