17 തവണ കത്തികൊണ്ട് കുത്തി; മൃതദേഹത്തിനു മുകളിലൂടെ കാറോടിച്ചു കയറ്റി; ഭാര്യയെ ഹീനമായി കൊലപ്പെടുത്തിയ മലയാളിക്ക് ജീവപര്യന്തം തടവ് വിധിച്ച് യു.എസ് കോടതി
text_fieldsഹൂസ്റ്റൺ: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ മലയാളി യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് യു.എസ് കോടതി. 2020ലാണ് കേസിനാസ്പദ സംഭവം നടന്നത്. ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്പ്രിങ്സിലെ നഴ്സായിരുന്നു 26കാരിയായ മെറിൻ ജോയ്. 2020 ജൂലൈ 28നാണ് കോട്ടയം സ്വദേശിയായ മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യു കൊലപ്പെടുത്തിയത്. ആശുപത്രിയിലെ ജോലി കഴിഞ്ഞതിന് പിന്നാലെയാണ് ഹീനമായ കൊലപാതകം നടന്നത്.
ഭാര്യയുടെ ശരീരത്തിൽ ഇയാൾ 17തവണ കത്തികൊണ്ട് കുത്തി. കുത്തേറ്റ് വീണ മെറിന്റെ ദേഹത്ത്കൂടി കാറോടിച്ച് കയറ്റിയും ക്രൂരത നടത്തി. കൃത്യം നടത്തി രക്ഷപ്പെട്ട ഫിലിപ്പിനെ ഒരു ഹോട്ടലിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കത്തികൊണ്ട് സ്വയം മുറിവേൽപിച്ചിരുന്നു. കോറല്‍സ്പ്രിങ്‌സിലെ ബ്രോവാഡ് ഹെല്‍ത്ത് സെന്ററിലെ മെറിന്റെ അവസാന ദിവസമായിരുന്നു അന്ന്. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ജോലി രാജിവെച്ച് താമ്പയിലേക്ക് താമസം മാറാൻ തീരുമാനിച്ചിരിക്കുകയായിരുന്നു മെറിൻ. ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ ഭാര്യയെ കൊല്ലാനായി പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു ഫിലിപ്പ്. മെറിനെ തടഞ്ഞുനിർത്തി കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റ് വീണ മെറിന്റെ ദേഹത്തുകൂടി കാറോടിച്ച് കയറ്റുകയും ചെയ്തു.കുത്തേറ്റ് പിടഞ്ഞു വീണപ്പോഴും എനിക്കൊരു കുഞ്ഞുണ്ട് എന്നായിരുന്നു മെറിന്റെ അവസാന വാക്കുകളെന്ന് സഹപ്രവർത്തക ഓർക്കുന്നു.
2016ലായിരുന്നു ഇവരുടെ വിവാഹം. ചങ്ങനാശ്ശേരി സ്വദേശിയാണ് ഫിലിപ്പ് മാത്യു. ഇവർ തമ്മിൽ നിരവധി തവണ പ്രശ്നങ്ങളുണ്ടായിരുന്നു. 2018ൽ ദമ്പതികൾക്ക് നോറയെന്ന മകൾ ജനിച്ചു. ഉപദ്രവം സഹിക്കാൻ കഴിയാതായതോടെ മെറിൻ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. അമേരിക്കയിൽ കാര്യമായ ജോലിയൊന്നും ഇല്ലാതിരുന്ന ഫിലിപ്പിന് മെറിന്റെ ശമ്പളമായിരുന്നു ആശ്രയം. കൃത്യം നടന്ന് മൂന്നുവർഷത്തിനു ശേഷമാണ് കോടതി വിധി പറഞ്ഞത്. പരോളില്ലാത്ത ജീവപര്യന്തമാണ് യു.എസ് കോടതി ഫിലിപ്പിന് വിധിച്ചത്. യു.എസിൽ ജീവപര്യന്തം തടവ് മരണംവരെയാണ്. അതിനാൽ ഫിലിപ്പിന്റെ ഇനിയുള്ള കാലം ജയിലിൽ തന്നെയാകും. അമേരിക്കയിലാണ് വർഷങ്ങളായി ഫിലിപ്പിന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

