മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവം: ആശുപത്രിയിൽ കഴിഞ്ഞ രണ്ടാമത്തെയാളും അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഹരികുമാർ
കട്ടപ്പന: അപകടത്തിൽ തകർന്ന ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക് തർക്കത്തിനും സംഘട്ടനത്തിനുമിടയിൽ ഒരാൾ മരിച്ച സംഭവത്തിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ പ്രതിയെക്കൂടി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വാഴവര കുഴിയാത്ത് ഹരികുമാറിനെയാണ് (26) അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
വാഴവര പാറക്കൽ ജോർജിന്റെ മകൻ രാജു (47) സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കേസിൽ വാഴവര കാരിക്കുഴിയിൽ ജോബിനെ (25) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ ഹരികുമാറിനെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്ത് ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളജിലാക്കിയിരുന്നു. ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെയായിരുന്നു അറസ്റ്റ്.

