യുവദമ്പതികളെ മര്‍ദിച്ച സംഭവം: പൊലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട് പ്രതി രക്ഷപ്പെട്ടു
text_fieldsകൊച്ചി: യുവദമ്പതികളെ മര്‍ദിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച നാല് പേരെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. അരൂര്‍ ചിട്ടയില്‍ വീട്ടില്‍ അജീഷ് (37), എ.കെ.ജി കോളനി നിവാസികളായ ചൈത്രത്തില്‍ വീട്ടില്‍ വൈശാഖ് (21), മനീഷ് (29), ചന്ദനപ്പറമ്പില്‍ വീട്ടില്‍ യേശുദാസ് (21) എന്നിവരാണ് അറസ്റ്റിലായത്. തമ്മനം എ.കെ.ജി കോളനിയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. എ.കെ.ജി കോളനി നിവാസിയായ വിശാലാണ് ഓടി രക്ഷപ്പെട്ടത്. ഇയാള്‍ ഒളിവിലാണ്.
ചൊവ്വാഴ്ച രാവിലെ തമ്മനം സ്വദേശിയായ അല്‍ത്താഫും ഭാര്യയും കടയില്‍ പോകുമ്പോഴാണ് വിശാല്‍ ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സതേടിയശേഷം പാലാരിവട്ടം പൊലീസില്‍ പരാതി നൽകി. സ്ഥലത്തെത്തിയ പൊലീസിനെ കണ്ടയുടന്‍ ഇയാള്‍ മൂന്ന് റോട്ട് വീലറുകളെയും രണ്ട് ഡോബര്മാനെയും അഴിച്ചുവിട്ടശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നായില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കാലിന് മുറിവേറ്റത്. ആര്‍ക്കും നായ്ക്കളുടെ കടിയേറ്റിട്ടില്ല. പ്രതിയുടെ വീട്ടിലുണ്ടായിരുന്നവരാണ് അറസ്റ്റിലായവര്‍.
നാട്ടുകാര്‍ക്ക് ശല്യമായ നായ്ക്കളെ വളര്‍ത്തുകയും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസ്സമായി നായ്ക്കളെ അഴിച്ചുവിട്ടതും കാട്ടി പാലാരിവട്ടം പൊലീസ് കൊച്ചി കോര്പറേഷന് പരാതി നല്കി.