ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷനിൽ വച്ച് 19-കാരിയായ മകളെ പിതാവ് കുത്തിക്കൊന്നു
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിൽ 19 വയസ്സുകാരിയായ മകളെ പിതാവ് പൊലീസ് സ്റ്റേഷനിലെ വച്ച് കുത്തിക്കൊലപ്പെടുത്തി. ബന്ദാ ജില്ലയിലുള്ള ബദൗസ പൊലീസ് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പിതാവ് സത്യകുമാർ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കൊല്ലപ്പെട്ട ശിവാനി ചൗഹാൻ അയൽവാസിയായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് കഴിഞ്ഞ മെയ് 18-ന് ഇവർ വീടുവിട്ടിറങ്ങി. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ കണ്ടെത്തിയ പൊലീസ് ബദൗസ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ഇരുവിഭാഗത്തിന്റെയും കുടുംബങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിലെ പ്രത്യേക മുറിയിൽ വച്ച് കൗൺസിലർ ശിവാനിയോട് സംസാരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പ്രകോപിതനായ പിതാവ് സത്യകുമാർ ചൗഹാൻ, ഒളിപ്പിച്ചുവെച്ചിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ശിവാനിയുടെ വയറ്റിൽ ഒന്നിലധികം തവണ കുത്തുകയായിരുന്നു.പൊലീസ് ഇടപെട്ട് ശിവാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പെൺകുട്ടി മരണത്തിന് കീഴടങ്ങി.
ശിവാനിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി പലാഷ് ബൻസാൽ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

