പണയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsശ്രീരാഗ്, അബ്ദുൽ ജലീൽ
കൽപകഞ്ചേരി: പണയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വള്ളുവനാട് ക്യാപിറ്റൽ ലിമിറ്റഡിന്റെ വൈലത്തൂർ ശാഖയിലെ ഏരിയ മാനേജർ പാലക്കൽ കോഡൂർ വലിയാട് പത്തായപ്പുര ശ്രീരാഗ് (26), പൊന്മുണ്ടം പാലപ്പെട്ടി അബ്ദുൽ ജലീൽ (27) എന്നിവരാണ് കൽപകഞ്ചേരി പൊലീസിന്റെ പിടിയിലായത്. ശ്രീരാഗ് മാസങ്ങൾക്ക് മുമ്പ് അബ്ദുൽ ജലീലിൽനിന്ന് 120.8 ഗ്രാം സ്വർണം പണയമായി സ്വീകരിക്കുകയും ആറ് ലക്ഷം രൂപ നൽകുകയും ചെയ്തു. തുടർന്ന് ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ച പണയ സ്വർണം ജലീൽ കല്യാണ ആവശ്യത്തിനെന്നു പറഞ്ഞ് തിരികെ ആവശ്യപ്പെട്ടു. ഏരിയ മാനേജർ ശ്രീരാഗ് ഒരു രേഖയുമില്ലാതെ ലോക്കറിൽ സൂക്ഷിച്ച സ്വർണം തിരികെ നൽകുകയും ചെയ്തു.
കഴിഞ്ഞയാഴ്ച സ്ഥാപനത്തിൽ നടന്ന ഓഡിറ്റിങ്ങിലാണ് സ്വർണം നഷ്ടമായ വിവരം മേലാധികാരികളുടെ ശ്രദ്ധയിൽപെട്ടത്. കൽപകഞ്ചേരി പൊലീസിൽ പരാതി നൽകി. തുടർന്നുള്ള ആന്വേഷണത്തിലാണ് ശ്രീരാഗിനെയും ജലീലിനെയും എസ്.ഐ കെ. നൗഫൽ അറസ്റ്റ് ചെയ്തത്. എസ്.സി.പി.ഒ മധുസൂദനൻ, സി.പി.ഒമാരായ വിനീഷ്, മൻസൂർ എന്നിവരും ആന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

