
ക്ലാസ്മുറിയിൽവെച്ച് ആറാംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ
text_fieldsജയ്പുർ: രാജസ്ഥാനിലെ കരൗലി ജില്ലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ആറാം വിദ്യാർഥിയായ 11കാരിയാണ് അതിക്രമത്തിന് ഇരയായത്.
വ്യാഴാഴ്ച സ്കൂളിലേക്ക് പോയതായിരുന്നു കുട്ടി. എന്നാൽ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ കുട്ടിയുടെ അമ്മ അന്വേഷിച്ച് സ്കൂളിലെത്തി. സ്കൂളിലെ ഒരു ക്ലാസ്മുറിയിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു ക്ലാസ്മുറി. അമ്മ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ കുട്ടിയെ അധ്യാപകൻ ഉപദ്രവിക്കുന്നത് കാണുകയായിരുന്നു. ഇതോടെ സ്ത്രീയെ തള്ളി വീഴ്ത്തിയശേഷം അധ്യാപകൻ ക്ലാസ്മുറിയിൽനിന്ന് ഇറങ്ങിയോടി.
തുടർന്ന് അധ്യാപകൻ ഉപദ്രവിച്ച വിവരം കുട്ടി അമ്മയോട് വെളിപ്പെടുത്തി. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തു. വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജസ്ഥാനിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ നാലിൽ അധികം കേസുകളാണ് അധ്യാപകൻ വിദ്യാർഥികളെ ലൈംഗികാക്രമണത്തിന് വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്.