കൊട്ടാരക്കരയിൽ പ്രവാസിയുടെ അടഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമം
text_fieldsകൊട്ടാരക്കര: കിഴക്കേതെരുവിൽ അടഞ്ഞുകിടന്ന വീട്ടിൽ മോഷണ ശ്രമം. കെ.എം.ജെ കോട്ടേജിൽ സി.എൽ ജോർജിന്‍റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്‍റെ പിറകു വശത്തായി സ്ഥിതി ചെയ്യുന്ന അടുക്കളയുടെ ജനൽ കമ്പികൾ വളച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്.
ജോർജും കുടുംബവും വർഷങ്ങളായി അമേരിക്കയിലാണ് താമസം. ഒന്നര വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ വന്ന് പോയതാണ്. വീടും പരിസരവും കാട് മൂടി കിടക്കുകയാണ്. രാവിലെ ജോർജിന്‍റെ വീട്ട് പരിസരത്ത് എത്തിയ ബന്ധുവാണ് അടുക്കളയുടെ ജനൽ കമ്പികൾ വളച്ചതായി കണ്ടത്. ബന്ധു അമേരിക്കയിലുള്ള ഉടമയെയും കൊട്ടാരക്കര പൊലീസിനെയും വിവരം അറിയിച്ചു. പൊലീസെത്തി വീടും പരിസരവും പരിശോധിച്ചു. താക്കോൽ ഇല്ലാത്തതിനാൽ വീടിനുള്ളിൽ പ്രവേശിച്ച് പരിശോധിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വീടിനുള്ളിൽ നിന്നും വിലപിടിപ്പുള്ള എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന് ഉടമ എത്തി വീട് തുറന്ന് നോക്കിയാൽ മാത്രേമ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പ് കിഴക്കേതെരുവിൽ തന്നെ അടഞ്ഞു കിടന്ന വീട്ടിൽ നിന്നും 40 പവനും മൂന്ന് ലക്ഷം രൂപയും കവർന്നിരുന്നു. പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. അടഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം കൊട്ടാരക്കരയിൽ വർദ്ധിച്ചു വരികയാണ്.