ബിഹാർ പൊലീസ് സ്റ്റേഷനിൽ മദ്യവിരുന്ന്; രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർ പിടിയിൽ
text_fieldsന്യൂഡൽഹി: ബിഹാറിൽ പൊലീസ് സ്റ്റേഷനിൽ മദ്യവിരുന്ന് നടത്തിയ രണ്ടു പൊലീസുകാർ ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. പട്നയിലെ പാലിഗഞ്ചിൽ എക്സൈസ് പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ചയാണ് സംഭവം. കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ.
ലോക്കപ്പിൽ തടവുപുള്ളികൾ മദ്യപിക്കുന്ന വിഡിയോ ഒരാൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അയക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തുകയായിരുന്നെന്നും ലോക്കപ്പിൽ നിന്ന് അഞ്ച് ലിറ്റർ മദ്യം പിടിച്ചെടുത്തിട്ടുണ്ടെന്നും എ.എസ്.പി അവദേശ് ദീക്ഷിത് പറഞ്ഞു.
ലോക്കപ്പിൽ തടവുപുള്ളികൾ മദ്യവിരുന്ന് നടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.