കുറ്റകൃത്യത്തിന് വിലങ്ങ്
text_fieldsറൗഷാദ്, നിഖിൽ
കുന്നംകുളം: കടവല്ലൂർ കല്ലുംപുറത്ത് ഓട്ടോറിക്ഷ യാത്രക്കാരിയായ യുവതിക്ക് നേരെ സദാചാര ഗുണ്ടായിസവും ലൈംഗികാതിക്രമവും നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. അക്കിക്കാവ് കൊമ്പത്തേയിൽ വീട്ടിൽ റൗഷാദ് (32), പെരുമ്പിലാവ് തൈവളപ്പിൽ നിഖിൽ (ചാപ്പു -27) എന്നിവരെയാണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26ന് വൈകീട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം.
ഒറ്റപ്പാലത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് ഓട്ടോയിൽ വരികയായിരുന്നു യുവതി. കല്ലുംപുറത്ത് എത്തിയപ്പോൾ ഓട്ടോ ഡ്രൈവർക്ക് ഫോൺ വന്നതോടെ വാഹനം നിർത്തി. ഈ സമയത്ത് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം യുവതിയോട് അസഭ്യം പറയുകയും ബൈക്കിൽ നിന്നിറങ്ങി ഓട്ടോയിൽ കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇത് തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ യുവതിയോടൊപ്പം ഇരുത്തി ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും പിന്നീട് ഡ്രൈവറുടെയും യുവതിയുടെയും മൊബൈൽ ഫോണുകളുമായി രണ്ടംഗ സംഘം കടന്നുകളയുകയും ചെയ്തു. അക്രമത്തിനിരയായ യുവതിയും ഓട്ടോറിക്ഷ ഡ്രൈവറും കുന്നംകുളം പൊലീസിൽ പരാതി നൽകി.
കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾ കൈവശം വെച്ച മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷൻ പരിശോധിച്ചതിനെ തുടർന്നാണ് ഇവർ വലയിലായത്. സംഭവത്തെ തുടർന്ന് പ്രതികൾ ബംഗളൂരുവിലേക്ക് കടന്നിരുന്നു. പിന്നീട് എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ ഇവർ മറ്റൊരിടത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടിയിലായത്.
അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പെരുമ്പിലാവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് ലോബിയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എസ്.ഐ സക്കീർ അഹമ്മദ്, സി.പി.ഒമാരായ ശരത്ത് ആശിഷ്, അനൂപ്, സുജിത്ത്, ജോൺസൻ, ഗിരീശൻ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

