അനധികൃത മണല്‍ ഖനനം; മലങ്കര ബിഷപ്പിനും പുരോഹിതര്‍ക്കും ജാമ്യം
text_fieldsപത്തനംതിട്ട: അനധികൃത മണല്‍ ഖനന കേസിൽ സിറോ മലങ്കര കത്തോലിക്ക സഭ ബിഷപ്പിനും പുരോഹിതർക്കും ജാമ്യം ലഭിച്ചു. പത്തനംതിട്ട രൂപത അധ്യക്ഷൻ ബിഷപ് സാമുവല്‍ മാര്‍ ഐറോനിയോസ്, വികാരി ജനറല്‍ ഫാ. ഷാജി തോമസ് മണിക്കുളം, പുരോഹിതരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജയിംസ്, ജോര്‍ജ് കവിയല്‍ എന്നിവർക്കാണ് ചെന്നൈ ഹൈകോടതിയുടെ മധുര ബെഞ്ച് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ അറസ്റ്റിലായത്. തിരുനെല്‍വേലി അംബ സമുദ്രത്തിനടുത്ത് സൗത്ത് കല്ലടൈകുറിച്ചി പൊട്ടല്‍ സ്ഥലത്ത് നടന്ന അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചെക്ക് ഡാമിനടുത്ത് 300 ഏക്കര്‍ സ്ഥലം സഭക്കുണ്ട്. രണ്ട് വർഷമായി ഈ ഭൂമി കോട്ടയത്തെ ജോര്‍ജ് മാനുവലിന് കൃഷി നടത്താൻ പാട്ടത്തിന് നല്‍കിയിരുന്നതായാണ് സഭ പറയുന്നത്.
ഈ സ്ഥലത്ത് കരമണല്‍ യൂനിറ്റും ഒപ്പം ക്രഷര്‍ യൂനിറ്റും പ്രവര്‍ത്തിപ്പിക്കാൻ കരാറുകാരൻ അനുമതി നേടിയിരുന്നെങ്കിലും പ്രവർത്തനം ഉണ്ടായില്ല. എന്നാൽ, ഇതിന് സമീപത്തെ താമ്രപർണി നദിയോട് ചേര്‍ന്നുള്ള വിശാല മണല്‍ത്തിട്ടയില്‍നിന്ന് വലിയ തോതില്‍ മണല്‍ ഖനനം നടത്തി. സബ് കലക്ടര്‍ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തിന്റെ ഉടമകള്‍ക്ക് 9.57 കോടിയുടെ പിഴ ചുമത്തി. പിന്നീട് നാട്ടുകാർ പരാതിയുമായി മദ്രാസ് ഹൈകോടതിയെ സമീപിച്ചു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈകോടതിയുടെ മധുര ബെഞ്ച് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ബിഷപ് അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ശനിയാഴ്ച വിളിച്ചുവരുത്തി പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.