ഇബ്രാഹീം ബാദുഷ റിമാൻഡിൽ; തുടരന്വേഷണം കളമശ്ശേരി പൊലീസിന്
text_fieldsകോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതു രാജിന്‍റെ കാമുകൻ കളമശ്ശേരി എച്ച്.എം.ടി കോളനി വാഴയിൽ ഇബ്രാഹീം ബാദുഷ (28) റിമാൻഡിൽ. പണം തട്ടിയതിനും നീതുവിനെയും എട്ടുവയസ്സുകാരൻ മകനെയും മർദിച്ചതിനുമാണ് ഇബ്രാഹീം ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ടോടെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബാദുഷയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ കേസിൽ തുടരന്വേഷണം കളമശ്ശേരി പൊലീസിന് കൈമാറും. മർദനവും പണം വാങ്ങലും കളമശ്ശേരിയിൽ നടന്ന സംഭവമായതിനാലാണ് തുടരന്വേഷണം അവർക്ക് നൽകുന്നത്. രേഖകൾ ഗാന്ധിനഗർ പൊലീസ് കളമശ്ശേരിക്ക് കൈമാറും. തന്‍റെ കൈയിൽനിന്ന് 30 ലക്ഷത്തോളം രൂപയും സ്വർണവും തട്ടിയെടുത്തെന്ന് കാണിച്ച് നീതു പരാതി നൽകിയിരുന്നു. കുട്ടിയെയും തന്നെയും പണമാവശ്യപ്പെട്ട് മർദിച്ചിരുന്നതായും പരാതിയിലുണ്ട്. കുട്ടിയെ തട്ടിയെടുത്ത സംഭവവുമായി ഇയാൾക്ക് ബന്ധമില്ലെങ്കിലും മർദനമടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ഉണ്ടാകും.
അതിനിടെ, തെളിവെടുപ്പിന് നീതുവിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കോടതിയിൽ തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും. രണ്ടുദിവസത്തേക്കാവും കസ്റ്റഡിയിലാവശ്യപ്പെടുക. നിലവിൽ നീതുവിനെതിരെ 10 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മനുഷ്യക്കടത്ത്, ആൾമാറാട്ടം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒറ്റക്കാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.