
കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷപ്പെടുത്താൻ പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ് യുവതി
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷപ്പെടുത്താൻ പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞതിന് യുവതിക്കെതിരെ കേസ്. തെലങ്കാനയിലെ അട്ടാപൂർ പ്രദേശത്താണ് സംഭവം.
2019ലെ ഒരു കൊലക്കേസിലെ പ്രതിയാണ് വസീം. പൊലീസ് അന്വേഷണത്തിൽ അട്ടാപുരിലെ സുലൈമാൻ നഗറിൽ വസീം താമസിക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് ഉത്തരാഖണ്ഡ് പൊലീസിന്‍റെ പ്രത്യേക സംഘം വസീമിന്‍റെ വീട്ടിലെത്തി. രാജേന്ദ്രനഗർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഭർത്താവിനെ പിടികൂടാൻ പൊലീസ് എത്തിയവിവരം അറിഞ്ഞതോടെ ശമീം പർവീൺ ഇവർക്കുനേരെ മുളകുപൊടി എറിയുകയായിരുന്നു. പിന്നീട് പൊലീസ് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് അയൽവാസികളെ വിവരം അറിയിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിനിടെ ഭർത്താവ് വസീം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ശമീം പർവീണിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്.