സൈബർ തട്ടിപ്പിന് ഇരയായ ഹൈദരാബാദ് ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു; ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയത് 6.6 ലക്ഷം രൂപ
text_fieldsഡിജിറ്റൽ ഷോറൂം
ഹൈദരാബാദ്: ദിവസങ്ങൾക്ക് മുമ്പ് ഡിജിറ്റൽ അറസ്റ്റിന് ഇരയായ ഹൈദരാബാദിലെ റിട്ട. ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. 76 വയസുണ്ടായിരുന്നു. 70 മണിക്കൂർ നേരമാണ് സൈബർ തട്ടിപ്പുകാർ അവരെ ഡിജിറ്റൽ അറസ്റ്റിൽ പാർപ്പിച്ചത്. സംഭവം നടന്ന് 24 മണിക്കൂറിനകമാണ് അവർ മരിക്കുന്നത്.
സെപ്റ്റംബർ ആറിനാണ് ഡോക്ടർക്ക് ഒരു വാട്സ് ആപ് കോൾ ലഭിക്കുന്നത്. തട്ടിപ്പുകാർ ബംഗളൂരു പൊലീസിന്റെ ലോഗോ കാണിച്ചുകൊണ്ട് അവരുടെ ആധാർ ഉൾപ്പെടെയുള്ള വ്യാജരേഖകൾ ഉപയോഗിച്ച് മനുഷ്യക്കടത്ത് കേസിൽ പെടുത്തി. തുടർന്ന് സുപ്രീംകോടതി, ഇ.ഡി, ആർ.ബി.ഐ എന്നിവയുടെ ലോഗോകളുള്ള വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഡോക്ടറുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന് 6.6 ലക്ഷം രൂപ മഹാരാഷ്ട്രയിലെ ഒരു ഷെൽ അക്കൗണ്ടിലേക്ക് മാറ്റാൻ നിർബന്ധിച്ചു.
പണം നൽകിയതിനു ശേഷവും വിഡിയോ കോളുകളിലൂടെയും വ്യാജ കോടതി നോട്ടീസുകളിലൂടെയും പീഡനം തുടർന്നു. ഇതാണ് വയോധികയായ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. രണ്ടുദിവസമായി നിരന്തരം സമ്മർദം അനുഭവിച്ച അവർ കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്ടറുടെ മരണ ശേഷവും തട്ടിപ്പുകാർ ഭീഷണി സന്ദേശങ്ങൾ തുടർന്നു. കുടുംബം നൽകിയ പരായിയിൽ സൈബർ ക്രൈം പൊലീസ് ഐ.ടി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് തുല്യമായ മനപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് തട്ടിപ്പുകാർക്ക് എതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

