കുത്തേറ്റ് കിടക്കുന്ന നിലയിൽ സ്വത്വാ; കൃഷ്ണചന്ദ്രൻ കത്തികൊണ്ട് സ്വയം കുത്തുന്നത് കണ്ടതായി ബന്ധു
text_fieldsസ്വത്വാ
കൊല്ലം: കൊട്ടിയം കോടാലിമുക്കിൽ ഇസ്രായേൽ സ്വദേശിനിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വയോധികനായ ഭർത്താവ് കത്തികൊണ്ട് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് കൃഷ്ണചന്ദ്രനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇസ്രായേൽ സ്വദേശിനി രാധ എന്ന സ്വത്വാ ആണ് (36) ഇന്നലെ കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ കൃഷ്ണചന്ദ്രനാണ് (75) ചികിത്സയിലുള്ളത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നരയോടെ ഡീസൻറുമുക്ക് കോടാലിമുക്കിന് തെക്ക് പൊതുവിതരണ കേന്ദ്രത്തിനു മുന്നിലുള്ള തിരുവാതിര വീട്ടിലായിരുന്നു സംഭവം.
ഇവിടെ വാടകക്ക് താമസിക്കുന്ന രവികുമാറിന്‍റെയും ബിന്ദുവിന്‍റെയും ഇളയച്ഛനാണ് കൃഷ്ണചന്ദ്രൻ. ഉത്തരാഖണ്ഡിൽ ദീർഘകാലമായി യോഗ അധ്യാപകനായിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് ആയുർവേദ ചികിത്സക്കായി ഇസ്രായേലി യുവതിക്കൊപ്പം ഇവിടെ എത്തിയത്.
വ്യാഴാഴ്ച മൂന്നരയോടെ ബന്ധുവീട്ടിൽ പോയശേഷം ബിന്ദു വീട്ടിലെത്തി കോളിങ് ബെൽ അടിച്ചെങ്കിലും മുന്നിലെ വാതിൽ തുറന്നില്ല. പിന്നിലെ വാതിൽ തുറന്ന് ഉള്ളിൽ കയറിയപ്പോഴാണ് സ്വത്വാ കുത്തേറ്റ് കിടക്കുന്നത് കണ്ടത്. കൃഷ്ണചന്ദ്രൻ കത്തികൊണ്ട് സ്വയം വയറ്റിൽ കുത്തുന്നത് കണ്ടതായും ബിന്ദു പറയുന്നു. ഇവർ അയൽവാസിയുടെ സഹായത്തോടെ കൊട്ടിയം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി സ്വത്വായെയും ഭർത്താവിനെയും ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർ മരണം സ്ഥിരീകരിച്ചതോടെ സ്വത്വായുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
16 വർഷമായി കൃഷ്ണചന്ദ്രനും സ്വത്വായും ഒരുമിച്ചാണ് കഴിയുന്നത്. ഋഷികേശിൽ യോഗ അധ്യാപകനായിരിക്കെ കൃഷ്ണചന്ദ്രന്‍റെ ശിഷ്യയായിരുന്നു സ്വത്വാ. പിന്നീട് വിവാഹിതരാവുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും മരിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നതായി കൃഷ്ണചന്ദ്രൻ പൊലീസിന് മൊഴിനൽകിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

