ഫസീലയുടെ മരണം: കണ്ണീരണിഞ്ഞ് തൊടികപ്പുലം
text_fieldsഭാര്യയെ കൊലപ്പെടുത്തിയ പ്രതി റഷീദ് തെളിവെടുപ്പിനിടെ സംഭവം വിശദീകരിക്കുന്നു
വണ്ടൂർ: ഓണാവധി കഴിഞ്ഞ് കാപ്പിലിലെ ഭർതൃവീട്ടിലേക്ക് പോയ മകളുടെ ചേതനയറ്റ ശരീരം ആംബുലൻസിലെത്തിയപ്പോൾ ആ വീട് കരഞ്ഞ് തളർന്നിരുന്നു. കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ കൂടി തീരാദുഃഖമായി മാറുകയായിരുന്നു തൊടികപ്പുലത്തെ കുന്നുമ്മൽ പൂങ്കുഴി അബ്ദുവിന്റെ മകൾ ഫസീലയുടെ മരണം. ഉച്ചഭക്ഷണത്തിന് കറി വെക്കാത്തതിനാണ് മദ്യപിച്ചെത്തിയ ഭർത്താവ് കാപ്പിൽ പാറശ്ശേരി സ്വദേശി കുന്നുമ്മൽ റഷീദ് ഫസീലയെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെ കാപ്പിലിലെ വീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം 3.15 ഓടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. വൈകുന്നേരം 5.30 ഓടെ തൊടികപ്പുലത്തെ വീട്ടിലെത്തി. മാതാവിന്റെ ചേതനയറ്റ ദേഹം കണ്ട് നിയന്ത്രണം വിട്ട കുട്ടികളെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു. വൈകുന്നേരം ആറോടെ പള്ളിക്കുന്ന് ജുമാമസ്ജിദിൽ ഖബറടക്കം നടന്നു.
തെളിവെടുപ്പിലും കൂസലില്ലാതെ പ്രതി
വണ്ടൂർ: ഭാര്യയെ കുത്തിയത് വിശദീകരിക്കുമ്പോഴും കാപ്പിൽ പാറശ്ശേരി സ്വദേശി കുന്നുമ്മൽ റഷീദിന്റെ ശരീരഭാഷയിൽ തെളിഞ്ഞത് കൂസലില്ലായ്മ. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് വണ്ടൂർ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന കാപ്പിൽ പാറശ്ശേരിയിലെ വീട്ടിൽ തെളിവെടുപ്പിനായെത്തിയത്.
ഉച്ചഭക്ഷണത്തിന് വീട്ടിലെത്തുമ്പോൾ ചോറിന് കറിയുണ്ടായിരുന്നില്ലെന്നും തർക്കത്തിനിടെ പ്രകോപിതനായാണ് ഭാര്യയെ കുത്തിയതെന്നും റഷീദ് പറഞ്ഞു. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഉമ്മയും ബഹളം കേട്ട് സ്ഥലത്തെത്തി. ഭാരയയുടെ കരച്ചിലും ഉമ്മയുടെ പരിഭ്രമവും മാത്രമേ ഓർമ്മയുള്ളൂവെന്നും റഷീദ് പറഞ്ഞു.
തെളിവെടുപ്പിന് ശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഫസീലയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുത്തേറ്റ് ഏതാനും മിനിറ്റുകൾക്കകം മരണം സംഭവിച്ചെന്നും പിടിവലിയുടെ ലക്ഷണങ്ങൾ ശരീരത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അടുക്കളയിലെ മേശയിലിരിക്കുന്ന സമയത്താണ് കുത്തിയതെന്നാണ് പ്രതി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

