കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി
text_fieldsകൊല്ലപ്പെട്ട പ്രഭ, പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവ് സെൽവരാജ്
പോത്തൻകോട് (തിരുവനന്തപുരം): കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം ശാസ്തവട്ടം ജംഗ്‌ഷന് സമീപം മങ്ങാട്ടുകോണം റോഡിലാണ് കൊടുംക്രൂരത നടന്നത്. നെടുമങ്ങാട് ഇരിഞ്ചയം മീൻമൂട് കിഴക്കുകര പുത്തൻവീട്ടിൽ രാധയുടെ മകൾ ഷീബ എന്നുവിളിക്കുന്ന പ്രഭ (37)യാണ് കൊല്ലപ്പെട്ടത്. പ്രഭയുടെ ഭർത്താവ് മങ്ങാട്ടുകോണം മഠത്തിന്മേലെ തടത്തരികത്ത് രേഷ്മാ ഭവനിൽ സുരേഷ് എന്നുവിളിക്കുന്ന സെൽവരാജിനെ (44) സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
സെൽവരാജിന്‍റെ ആദ്യഭാര്യ പിണങ്ങിപ്പോയ ശേഷം പത്തുവർഷം മുമ്പാണ് പ്രഭയെ വിവാഹം കഴിച്ചത്. ഇവർക്ക് ആറും നാലും വയസുള്ള മക്കളുണ്ട്. സെൽവരാജിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കുകയായിരുന്ന ഇവർ എട്ടുമാസമായി താമസം മാറി ഇരിഞ്ചയത്തെക്ക് പോവുകയായിരുന്നു.
മങ്ങാട്ടുകോണത്ത് മൂന്നുവർഷമായി വീട്ടുജോലി നോക്കുന്ന പ്രഭ, താമസം മാറിയിട്ടും ഇവിടെ വന്ന് ജോലി ചെയ്തു മടങ്ങുക പതിവായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 20ന് ഇരിഞ്ചയത്ത് നിന്ന് പ്രഭയുമായി പിണങ്ങി മങ്ങാട്ടുകോണത്തെ വീട്ടിൽ അമ്മയോടൊപ്പം കഴിയുകയായിരുന്നു സെൽവരാജ്. രണ്ട് ദിവസം മുമ്പ് പ്രഭ ജോലിചെയ്യുന്ന വീട്ടിലെത്തി സെൽവരാജ് വഴക്കിടുകയും വീട്ടുടമസ്ഥർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ മടങ്ങി പോവുകയുമായിരുന്നു.
ഇന്ന് വൈകീട്ട് ജോലി കഴിഞ്ഞു ശാസ്തവട്ടത്തേക്ക് ബസ് കയറാനായി പ്രഭ നടന്നുപോകുമ്പോൾ വഴിയിൽ കാത്തുനിന്ന് തുണികൊണ്ട് വായ പൊത്തിപ്പിടിച്ച് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. കൊലപാതകത്തിനായി പ്രതി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയേയാണ് പ്രഭ മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.