ശോഭ കൊലക്കേസ്; ഭർത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും
text_fieldsപ്രതി മഞ്ജുനാഥ്, കൊല്ലപ്പെട്ട ശോഭ
തലശ്ശേരി: നാടോടി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ കേസില്‍ രണ്ടാം ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്നുലക്ഷം പിഴയും ശിക്ഷ. കര്‍ണാടക തുംകൂര്‍ തിമ്മരാജനഹള്ളി സ്വദേശി ടി.ആര്‍. മഞ്ജുനാഥിനെ (44) യാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി സി.ജെ. ഡെന്നി ശിക്ഷിച്ചത്.
ഇരിട്ടിയില്‍ താമസിച്ചിരുന്ന ശോഭയാണ് കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്. ശോഭയുടെ രണ്ട് മക്കളെ ട്രെയിനില്‍ ഉപേക്ഷിച്ചതിന് ജുവനൈല്‍ ആക്ടിലെ 75ാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പിഴ സംഖ്യ അടക്കുകയാണെങ്കില്‍ ഒന്നേകാല്‍ ലക്ഷം വീതം ശോഭയുടെ രണ്ട് കുട്ടികള്‍ക്ക് നല്‍കാനും കോടതി ലീഗല്‍ അതോറിറ്റിയോട് നിര്‍ദേശിച്ചു. ശോഭയുടെ കൊലപാതകത്തിലൂടെ മക്കളായ രണ്ട് കുട്ടികളെയാണ് പ്രതി അനാഥമാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. കര്‍ണാടക തുംകൂര്‍ ജില്ലയിലെ മാവുഗരൈ സ്വദേശിനിയാണ് കൊല്ലപ്പെട്ട ശോഭ. പ്രതി അമ്മയെ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ട അഞ്ചുവയസുകാരന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
2017 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. പ്രതി മഞ്ജുനാഥ് ശോഭയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളുമായി അന്നുതന്നെ സ്ഥലംവിടുകയായിരുന്നു. മൈസൂരുവിലും ബംഗളൂരുവിലുമെത്തിയ ശേഷം അഞ്ച് വയസുള്ള ആണ്‍കുട്ടിയെയും സഹോദരിയെയും കൂട്ടി മുംബൈക്ക് ട്രെയിന്‍ കയറി. യാത്രാമധ്യേ മഞ്ജുനാഥ് കുട്ടികളെ ട്രെയിനില്‍ ഉപേക്ഷിക്കുകായിരുന്നു. കേസിലെ മൂന്നാം സാക്ഷിയായ കുട്ടിയുടെ മൊഴി പ്രകാരം രണ്ടാനച്ഛനെ ഫെബ്രുവരി 21ന് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മഞ്ജുനാഥിന്‍റെ അറസ്റ്റോടെയാണ് ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെ കൊലപ്പെടുത്തിയതാണെന്ന വിവരവും പുറത്തുവരുന്നത്. മഞ്ജുനാഥ് രണ്ടാംഭാര്യ ശോഭക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പം ഇരിട്ടിയിലെ കെട്ടിട വരാന്തയിലായിരുന്നു താമസം. പ്രതി നാട്ടിലെ മറ്റൊരു സ്ത്രീയുടെ അടുത്തേക്ക് പോകുന്നത് ശോഭ തടഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
രാജുവിനെ കൊലപ്പെടുത്തിയ വിവരം പൊലീസിനോട് പറയുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതും കൊലപാതകത്തിന് കാരണമായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികളെ മുംബൈയില്‍ കണ്ടെത്തിയതടക്കമുള്ള അന്വേഷണ വിവരങ്ങളാണ് കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ ''ഉയിര്‍'' എന്ന സിനിമയുടെ പ്രമേയം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ ഹാജരായി.

