നവവധുവിനെ തലക്കടിച്ച് കൊന്നു: ഭർത്താവ് അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട നിഖിത, അറസ്റ്റിലായ അനീഷ്
വർക്കല: നവവധുവിനെ നിലവിളക്ക് കൊണ്ട് തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ തത്തംപള്ളി ജില്ല കോടതി വാർഡിൽ പുത്തൻപറമ്പ് കുട്ടപ്പന്റെയും ഷീബയുടെയും മകൾ ദേവു എന്ന നിഖിതയാണ് (26) കൊല്ലപ്പെട്ടത്. ഭർത്താവ് വർക്കല അയന്തിവിളയിൽ വീട്ടിൽ അബു എന്ന അനീഷ് (36) അറസ്റ്റിലായി. സംശയം മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. കഴുത്തിൽ തോർത്ത് മുറുക്കിയും നിലവിളക്കുപയോഗിച്ച് തലയ്ക്കടിച്ചും വിളക്കിന്റെ കൂർത്തഭാഗം വയറ്റിൽ കുത്തിയിറക്കിയുമാണ് കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇവർ വിവാഹിതരായത്. വിവാഹശേഷം നിഖിതയെ അനീഷിന്റെ ജോലി സ്ഥലമായ യു.എ.ഇയിലേക്ക് കൊണ്ടുപോയി. ഈ മാസം ഒന്നിന് ഓണം പ്രമാണിച്ച് നാട്ടിലെത്തി. തുടർന്ന് ഇവർ അയന്തിയിലെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെയാണ് കൊലപാതകം നടന്നത്. ഇവരുടെ മുറിയിൽനിന്ന് ബഹളം കേട്ടപ്പോൾ അനീഷിന്റെ മാതാപിതാക്കളും സഹോദരനും ചേർന്ന് ബലമായി വാതിൽ തുറന്നപ്പോഴാണ് നിഖിതയെ അപകടപ്പെടുത്തിയ നിലയിൽ കണ്ടത്. ഉടൻ വർക്കല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി. ജില്ല പൊലീസ് മേധാവി ഡി. ശിൽപ സംഭവസ്ഥലത്തെത്തി അന്വഷണത്തിന് നേതൃത്വം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

