മനുഷ്യക്കടത്ത്: ഒരാൾ പിടിയിൽ
text_fieldsസിദ്ദീഖ്
പാലാ: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് കബളിപ്പിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൂട്ടുപാത സ്വദേശി സിദ്ദീഖാണ് (55) പാലാ പൊലീസിന്റെ പിടിയിലായത്. വിദേശജോലി റിക്രൂട്ട്മെന്റ് ഏജന്റായ പ്രതി പാലാ സ്വദേശിനിക്ക് ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ജോലിക്കുള്ള വിസയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റിങ് വിസയിൽ ഒമാനിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, യുവതി ഒമാനില്‍ എത്തിയതിന് ശേഷം പറഞ്ഞ ജോലി നൽകാതെ മറ്റൊരു വീട്ടിൽ നിർബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയും ചെയ്തു.
നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട യുവതിയെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന്, യുവതിയുടെ അമ്മ പാലാ പൊലീസില്‍ പരാതി നൽകുകയും, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേരിട്ടുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. കേസിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.

