മകനെ ഭയന്ന് ആശുപത്രിയിൽ അഭയം തേടിയ വയോ ദമ്പതികൾക്ക് സംരക്ഷണം ഒരുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതൊടുപുഴ: മദ്യപാനിയായ മകൻ കൊല്ലുമെന്ന് ഭയന്ന് ആശുപത്രിയിൽ അഭയം പ്രാപിക്കേണ്ടി വന്ന മാതാപിതാക്കൾക്ക് സംരക്ഷണം ഒരുക്കാൻ മനുഷ്യാവകാശ കമീഷെൻറ ഇടപെടൽ. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ ബാങ്ക് ജീവനക്കാരനായ പിതാവിനും അർബുദ രോഗിയായ മാതാവിനും സംരക്ഷണം നൽകാനാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിെൻറ ഉത്തരവ്.
വയോധികരായ ദമ്പതികൾ വെങ്ങല്ലൂർ സ്വദേശിയാണ്. ഇവരുടെ മകന് 54 വയസ്സുണ്ട്. മദ്യവും മറ്റ് ലഹരി മരുന്നുകൾക്കും അടിമയായ മകൻ പണത്തിന് വേണ്ടിയാണ് തങ്ങളെ ഉപദ്രവിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. വീട്ടുസാധനങ്ങളെല്ലാം മദ്യം വാങ്ങാൻ വിറ്റു. ആഗസ്റ്റ് 19ന് ആയുധം ഉപയോഗിച്ച് മാതാപിതാക്കളെ മർദിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തൊടുപുഴ പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മകൻ തങ്ങളെ കൊല്ലുമെന്നാണ് ഭീഷണിയെന്നും പിതാവിെൻറ പരാതിയിൽ പറയുന്നു.
ജില്ല പൊലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ ഉത്തരവിട്ടുണ്ട്. അതേസമയം, സംഭവത്തിൽ മകനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.