ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റി;പൊലീസിനെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വിഷയത്തിൽ പാലക്കാട് ജില്ല പൊലീസ് മേധാവിയിൽനിന്ന് അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു.
1998 ആഗസ്റ്റ് 16നായിരുന്നു സംഭവം. രാജഗോപാൽ എന്നയാളുടെ പിതാവിന്റെ വീട്ടിൽ ജോലിക്കുനിന്ന ഭാരതി, ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് അസഭ്യം പറയുകയും വീട്ടുസാധനങ്ങൾക്ക് കേടുവരുത്തുകയും ചെയ്തു. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് ക്രൈം 496/1998 നമ്പറായി കേസെടുത്ത് 17ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചശേഷം പ്രതി മുങ്ങി. തുടർന്ന് പ്രതിക്കെതിരെ കോടതി വാറണ്ട് പുറത്തിറക്കി.
പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ 2019 സെപ്റ്റംബർ 24ന് ആലത്തൂർ വടക്കേത്തറ സ്വദേശിനി പാർവതി എന്ന എം. ഭാരതിയെ പ്രതിയെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. പിറ്റേന്ന് കോടതിയിൽ ഹാജരാക്കി ജാമ്യമെടുപ്പിക്കാമെന്ന ഉറപ്പിൽ ബന്ധുക്കൾ അറസ്റ്റ് തടഞ്ഞു. താൻ വീട്ടുജോലിക്ക് നിന്നിട്ടില്ലെന്ന് പറഞ്ഞിട്ടും പൊലീസുകാരൻ വിശ്വസിച്ചില്ല.
2019 സെപ്റ്റംബർ 25ന് പാലക്കാട് ജെ.എം.സി.എം കോടതി IIIൽ ഹാജരായ ഭാരതിക്ക് 10,000 രൂപയുടെ ജാമ്യത്തിലും 10,00,00 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലും ജാമ്യം ലഭിച്ചു. നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇവരുടെ ബന്ധു, വാദിയായ രാജഗോപാലിനെ കണ്ട് പരാതി പിൻവലിപ്പിച്ചതോടെയാണ് കോടതി വെറുതെവിട്ടത്. നാലുവർഷത്തിനിടെ എട്ടുതവണ ഇവർ കോടതി കയറിയിറങ്ങി.
പാലക്കാട് ടൗൺ പൊലീസ് യഥാർഥ പ്രതിയുടെ വിലാസം ശരിയായി പരിശോധിച്ചിരുന്നെങ്കിൽ അബദ്ധം സംഭവിക്കില്ലായിരുന്നെന്ന് ജില്ല പൊലീസ് മേധാവി കമീഷനെ അറിയിച്ചു. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥർ വിരമിച്ചതിനാൽ അച്ചടക്കനടപടി സ്വീകരിക്കാൻ സർക്കാറിൽ റിപ്പോർട്ട് സമർപ്പിച്ചെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

