എൻകൗണ്ടർ ഭീഷണിയും ക്രമക്കേടും; യു.പിയിൽ പൊലീസുകാരൻ കെട്ടിപ്പടുത്തത് 100കോടിയുടെ സാമ്രാജ്യം, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
text_fieldsകാൺപൂർ: അഴിമതിയും അധികാര ദുർവിനിയോഗവും നടത്തി യു.പിയിൽ പൊലീസുദ്യോഗസ്ഥൻ കെട്ടിപ്പടുത്തത് 100 കോടിയുടെ സാമ്രാജ്യം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെ ഉത്തർപ്രദേശ് പൊലീസ് ഡപ്യൂട്ടി സൂപ്രൻഡന്റ് റിഷികാന്ത് ശുക്ളയെ സർവീസിൽ നിന്ന് പുറത്താക്കി.
അഴിമതിയിലൂടെയും ഭീഷണിയിലൂടെയും ക്രിമിനൽ സംഘങ്ങളുമായി ബന്ധത്തിലൂടെയും ഇയാൾ വൻതുകകൾ സമ്പാദിച്ചതായി ആരോപണമുയർന്നതിന് പിന്നാലെയാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തർപ്രദേശിൽ കുപ്രസിദ്ധിയാർജ്ജിച്ച എൻകൗണ്ടർ സ്പെഷ്യലിസ്റ്റായിരുന്നു ശുക്ള. വ്യാപാരികളെയും ഗുണ്ടാസംഘങ്ങളുമടക്കമുള്ളവരെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കാൺപുരിൽ ഇയാൾ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്നാണ് കണ്ടെത്തൽ.
ശുക്ളയുടെ ഭീഷണിക്കിരയായ ബിസിനസുകാരും ഭൂഉടമകളുമടക്കം നിരവധി ആളുകളിൽ നിന്ന് അന്വേഷണ സംഘം മൊഴിശേഖരിച്ചിട്ടുണ്ട്. ഗുണ്ടയെന്ന് മുദ്രകുത്തി വെടിവെച്ച് കൊല്ലുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതെന്ന് പലരും പൊലീസിന് നൽകിയ മൊഴിയിൽ വെളിപ്പെടുത്തി.
‘എനിക്ക് നഷ്ടമായത് 60 കോടി വിലമതിക്കുന്ന ഭൂമിയാണ്. ഞങ്ങൾ ഇരുവരും കച്ചവടത്തിൽ പങ്കാളികളായിരുന്നു. ഭൂമി വില കുതിച്ചുയരുന്നതിനിടെ എന്നോട് ഏഴ് കോടി വാങ്ങി ഒഴിവാകാൻ റിഷികാന്ത് ആവശ്യപ്പെട്ടു. ഭാര്യ കാൻസർ ബാധിച്ച് ചികിത്സയിലായതുകൊണ്ട് ഞാൻ അതിന് സമ്മതിച്ചു. തുടർന്ന് പണം വാങ്ങാനെത്തിയപ്പോൾ തോക്കെടുത്ത് ചൂണ്ടി ജീവൻ വേണമെങ്കിൽ പോകാൻ ആവശ്യപ്പെട്ടു. പണം നൽകാതെ വഞ്ചിച്ചു,’ റിഷികാന്തുമായി ഭൂമിക്കച്ചവടത്തിന് പങ്കാളിയായിരുന്ന മനോഹർ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.
കാൺപുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ അഭിഭാഷകനായ അഖിലേഷ് ദുബെയുടെ നേതൃത്വത്തിൽ റിഷികാന്ത് ശുക്ളയടക്കം പൊലീസ് ഓഫീസർമാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന ശൃംഘല വൻ ക്രമക്കേടുകൾ നടത്തിയതായാണ് ആരോപണമുയരുന്നത്. പരാതികൾ ഉയരുമ്പോഴൊക്കെ അഭിഭാഷകർ അടക്കമുള്ളവർ ഇരകളെ ഒതുക്കാൻ രംഗത്തിറങ്ങിയിരുന്നു. ദുബെയുടെ നിർമാണ കമ്പനിയിൽ റിഷികാന്തിന് വൻ നിക്ഷേപമുളളതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കാൺപൂരിൽ ഇതിനിടെ നിയമിതരായി മറ്റ് രണ്ട് ഡപ്യൂട്ടി സൂപ്രണ്ടുമാരും തട്ടിപ്പിൽ റിഷികാന്തിന്റെ പങ്കാളികളായിരുന്നു. ഭീഷണിയിലൂടെ നേടിയെടുക്കുന്ന കള്ളപ്പണം നിർമാണ കമ്പനിയുടെ മറവിൽ മാറ്റിയെടുക്കുകയാണ് ഇവർ ചെയ്തിരുന്നത്. വ്യാപകമായി പരാതിയുയർന്നിട്ടും ശുക്ളക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. ശുക്ളയുടെ മകൻറെ ആഢംബര വിവാഹത്തിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
പ്രാഥമികാന്വേഷണത്തിൽ കാൺപൂരിലും സമീപ ജില്ലകളിലും 12 ഇടങ്ങളിലായി 92 കോടിയുടെ ഭൂമി ഇയാളുടേതായി ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു. കണ്ടെത്തലിന് പിന്നാലെ, ഇയാളുടെ സ്വത്ത് മരവിപ്പിച്ച സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

