മിസ്ഡ് കോളിൽ തുടങ്ങിയ പ്രണയം, ഒടുക്കം കൊലപാതകം; രണ്ടുവർഷത്തിന് ശേഷം യുവതിയുടെ തിരോധാനത്തിന്റെ ചുരുളഴിച്ച് പൊലീസ്
text_fieldsയുവതിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ കിണർ
ഹാർദോയ്: ത്രില്ലർ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ 30കാരിയുടെ തിരോധാനത്തിന്റെ ചുരുളഴിച്ച് യു.പി പൊലീസ്. ഉത്തർപ്രദേശിലെ ഹാർദോയിലെ സ്വന്തം വീട്ടിൽ നിന്ന് 2023 ഓഗസ്റ്റ് ആറിനാണ് 30കാരിയായ ദളിത് യുവതിയെ കാണാതായത്. കുഞ്ഞിന് ശീതളപാനീയം വാങ്ങാൻ പോയ യുവതി തിരിച്ചെത്താഞ്ഞതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നാലെ, തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി അജ്ഞാത വ്യക്തിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണമാരംഭിച്ചു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ മാസങ്ങളോളം അന്വേഷണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. മാറിയെത്തിയ അന്വേഷണ സംഘങ്ങൾക്ക് കേസിൽ തുമ്പ് കണ്ടെത്താവാതിരുന്നതും വെല്ലുവിളിയായി.
ഇതിനിടെ, യുവതിയുടെ മൊബൈൽ ഫോൺ രേഖകൾ വീണ്ടും പരിശോധിച്ച അധികൃതർ യുവതിയുമായി ബന്ധപ്പെട്ടിരുന്ന ഒരു മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ച മിസ്ഡ് കോളിലൂടെയാണ് ജഹേദിപൂർ സ്വദേശിയായ മസീദുൾ (25) എന്ന യുവാവ് ഇവരുമായി പരിചയത്തിലാവുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായെന്നും അന്വേഷണസംഘം പറയുന്നു. ഇതിനിടെ മസീദുളിനെ അന്വേഷിച്ച് യുവതി വീടുവിട്ടിറങ്ങുകയായിരുന്നു.
യുവതിയുടെ അന്നേ ദിവസത്തെ നീക്കങ്ങൾ പുനഃസൃഷ്ടിച്ച അന്വേഷണ സംഘം അവർ 75 കിലോമീറ്റർ അകലെയുള്ള ജഹേദിപൂർ ഗ്രാമത്തിലേക്കും പിന്നീട് ഡൽഹിയിലേക്കും പോയതായി കണ്ടെത്തുകയായിരുന്നു. യുവതി പതിവായി വിളിച്ചിരുന്ന മസീദുൾ ജഹേദിപൂർ സ്വദേശിയാണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് മസീദുളിന്റെയും യുവതിയുടെയും ഫോണുകൾ ഒരേ സമയം ഡൽഹിയിലേക്ക് പോയിരുന്നതായി പൊലീസ് കണ്ടെത്തി.
തുടർന്ന്, അന്വേഷണ സംഘം ജഹേദിപൂർ ഗ്രാമത്തിലെ മസീദുളിന്റെ വീട് റെയ്ഡ് ചെയ്തെങ്കിലും കണ്ടെത്താനായില്ല. പിതാവിനെയും ഇളയ സഹോദരനെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെങ്കിലും അവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
രണ്ട് വർഷം മുമ്പ് ഓഗസ്റ്റ് ആറിന് യുവതി തന്റെ വീട്ടിൽ വന്നിരുന്നുവെന്ന് അയൂബ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പിറ്റേന്ന്, തിരിച്ചറിയപ്പെടാതിരിക്കാൻ ബുർഖ ധരിച്ച യുവതി യുവാവിനൊപ്പം ഡൽഹിയിലേക്ക് പോയെന്നാണ് മൊഴി.
ഡൽഹിയിൽ സ്വന്തമായി വീടുണ്ടെന്നായിരുന്നു മസീദുൾ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. ഡൽഹിയിൽ എത്തിയതിന് പിന്നാലെ, ഇയാൾ അഞ്ച് ആളുകൾക്കൊപ്പം ഒരുമുറിയിൽ കഴിയുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി മസൂദുളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന്, ഇരുവരും യുവാവിന്റെ വീട്ടിലേക്ക് മടങ്ങി.
ജഹേദിപൂരെത്തിയ ശേഷം പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തിൽ വീണ്ടും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ലൈംഗികാതിക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പരാതി നൽകുമെന്ന് യുവതി കുടുംബത്തെ ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്ന മസീദുളും സഹോദരനും പിതാവും ചേർന്ന് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനടുത്തുള്ള ഒരു കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മസൂദുളിന്റെ സഹോദരൻ സമീദുൾ (21), പിതാവ് മുഹമ്മദ് അയൂബ് (57) എന്നിവർ കേസിൽ അറസ്റ്റിലായതായി സർക്കിൾ ഓഫീസർ സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
അറസ്റ്റിലായ ഇരുവരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കിണർ പരിശോധിച്ച പൊലീസ് മൃതദേഹാവശിഷ്ടങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവ കണ്ടെടുത്തു. ഇത് യുവതിയുടെ കുടുംബം തിരിച്ചറിഞ്ഞു. പ്രധാന പ്രതി മസൂദുളിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

