ഭാര്യയുടെ മൃതദേഹം മുൻ സൈനികൻ വെട്ടിമുറിച്ച് കുക്കറിൽ വേവിച്ചത് മൂന്നു ദിവസം; അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്...
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ 35കാരിയായ മാധവിയെ മുൻ സൈനികനായ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻ സൈനികനായ ഗുരുമൂർത്തി തന്നെയാണ് അരുംകൊല നടത്തിയ വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം ശരീരം പലകഷണങ്ങളാക്കി വെട്ടിമുറിച്ച് കുക്കറിൽ വേവിക്കുകയും പിന്നാലെ കവറിലാക്കി സമീപത്തെ തടാകത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിൽ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വെങ്കടേശ്വര കോളനിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജനുവരി 18 മുതൽ മാധവിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതവ് സുബമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ടു ദിവസം മുമ്പ് ഭർത്താവുമായി വഴക്കിട്ട് അവർ വീട്ടിൽനിന്ന് ഇറങ്ങിപോയെന്നാണ് ഗുരുമൂർത്തി പൊലീസിന് നൽകിയ മൊഴി. അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലീസ് ഗുരുമൂർത്തിയ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അരുംകൊലയുടെ വിവരങ്ങൾ പുറത്തുവരുന്നത്.
കാഞ്ചൻബാഗിലെ ഒരു സ്ഥാപനത്തിൽ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഗുരുമൂർത്തി. വാക്കുതർക്കത്തിന്‍റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ഗുരുമൂർത്തി സമ്മതിച്ചു. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ശരീരം വെട്ടിമുറിച്ചത്. മൃതദേഹം ടോയ്‍ലറ്റിൽ വെച്ചാണ് കഷണങ്ങളാക്കി വെട്ടിമുറിച്ചത്. ശരീര ഭാഗങ്ങൾ പൂർണമായും എല്ലിൽനിന്ന് വേർപെടുത്തിയശേഷം കീടനാശിനി തളിച്ച് പ്രഷർ കുക്കറിലാക്കി വേവിച്ചു. ഇത്തരത്തിൽ ഇറച്ചിയും എല്ലും മൂന്നു ദിവസം വേവിച്ചതായാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നാലെ ബാഗിലാക്കി സമീപത്തെ തടാകത്തിൽ ഉപേക്ഷിച്ചു. ഗുരുമൂർത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തടാകത്തിൽ പരിശോധന നടത്തിയെങ്കിലും ഇതുവരെ ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ വലിയൊരു സംഘം തടാകത്തിൽ പരിശോധന നടത്തുന്നുണ്ടെന്ന് മീർപേട്ട് ഇൻസ്പെക്ടർ നാഗരാജു പറഞ്ഞു.
ഗുരുമൂർത്തി സ്വയം കുറ്റം ഏറ്റുപറയുകയായിരുന്നുവെന്ന് എൽ.ബി നഗർ ഡി.സി.പി പറഞ്ഞു. അതുകൊണ്ടു തന്നെ യുവതിയുടെ മരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, മറ്റുവശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും സത്യം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
13 വർഷം മുമ്പാണ് ഗുരുമൂർത്തിയും മാധവിയും വിവാഹിതരാകുന്നത്. അഞ്ചു വർഷമായി വെങ്കടേശ്വര കോളനിയിലാണ് ദമ്പതികൾ താമസിക്കുന്നത്. രണ്ടു മക്കളുണ്ട്. കൊലം നടന്ന ദിവസം മക്കൾ ഗുരുമൂർത്തിയുടെ സഹോദരിയുടെ വീട്ടിലായിരുന്നു. മാധവിയെ കാണാനില്ലെന്ന കഥ ഉണ്ടാക്കിയതും യുവതിയുടെ രക്ഷിതാക്കളെ അറിയിച്ചതും ഗുരുമൂർത്തി തന്നെയാണ്. യുവതിയെ കാണാനില്ലെന്ന കേസായി തന്നെയാണ് പരാതി ഇപ്പോൾ പരിഗണിക്കുന്നതെന്നും കൊല നടത്തിയതിനുള്ള തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മീർപേട്ട് എസ്.എച്ച്.ഒ കെ. നാഗരാജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

