കടയുടമയുടെ മാല പൊട്ടിച്ചയാള്‍ പിടിയില്‍; ബൈക്കിൽ പിന്തുടർന്നാണ് പിടികൂടിയത്
text_fieldsപിടിയിലായ അജ്മല്‍ നഹാസ്
പെരുമ്പാവൂര്‍: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ യുവാവ് പിന്നാലെ ബൈക്കിൾ പിൻതുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഇപ്പോള്‍ മലയിടംതുരുത്തില്‍ വാടകക്ക് താമസിക്കുന്ന മാറമ്പിള്ളി പള്ളിപ്രം കാട്ടിലംതുരുത്തില് വീട്ടില്‍ അജ്മല്‍ നഹാസിനെയാണ് (22) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേലാമറ്റം പണിക്കരുകുടി വീട്ടില്‍ അന്‍സിലാണ് ഇയാെള ബൈക്കിൽ പിൻതുടർന്ന് പിടിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴിന് വീട്ടമ്മ നടത്തുന്ന ചേലമാറ്റം ജങ്ഷനിലുളള കടയിലെത്തിയ ഇയാള്‍ കടയില്‍ സാധനങ്ങള്‍ വാങ്ങനെന്ന പേരില്‍ അകത്തിരുന്ന് നാരങ്ങ വെള്ളം കുടിച്ച് പുറത്തേക്കിറങ്ങി മിക്ച്ചറും മറ്റും വാങ്ങുകയായിരുന്നു. ഇതിന് ശേഷം വീണ്ടും അകത്തേക്ക് കയറിയാണ് സിഗരറ്റ് ആവശ്യപ്പെട്ടതെന്ന് വീട്ടമ്മ പറഞ്ഞു. സിഗരറ്റ് എടുക്കുന്നതിനിടെ ഇയാള്‍ പിറകിലൂടെ മാല വലിച്ച് പൊട്ടിച്ച് പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ബൈക്ക് വീട്ടമ്മ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് എത്തിയ അന്‍സില്‍ മോഷ്ടാവിനെ ബൈക്കില്‍ പിന്തുടര്ന്നു. എം.സി റോഡില്‍ നിന്ന് ഉള്‍വഴി സഞ്ചരിച്ച കള്ളനെ വല്ലം ജങ്ഷനില്‍ വച്ചാണ് അന്‍സില്‍ പിടികൂടിയത്. തക്ക സമയത്ത് അന്‍സില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരു പവെൻറ മാല നഷ്ടപ്പെടുമായിരുന്നു.
സംഭവത്തിന് ശേഷം അന്‍സിലിനെ അഭിനന്ദിക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സമാന സംഭവങ്ങളില്‍ ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. മോഷ്ടിക്കുന്ന സ്ഥലം നേരത്തെ കണ്ടുവച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ബൈക്കിെൻറ നമ്പര്‍ പ്ലേറ്റ് ഇടക്ക് മാറ്റിക്കൊണ്ടുമിരിക്കും. അജ്മല്‍ നഹാസിനെതിരെ കാപ്പ ചുമത്തുന്നതുള്‍പ്പടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.