മാന്നാർ (ആലപ്പുഴ): കുട്ടമ്പേരൂരിൽ വീട്ടമ്മ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ. ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടമ്പേരൂർ പതിമൂന്നാം വാർഡിൽ പ്ലാമ്മ്യൂട്ടിൽ വീട്ടിൽ പരേതനായ സേവ്യറിന്‍റെ ഭാര്യ രേണുകാ സേവ്യറിനെ (65) ഭർതൃസഹോദര പുത്രൻ ജിജിമോൻ (56) ആണ് മാരകമായി ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
കുടുംബശ്രീ എ.ഡി.എസ് അoഗവും തൊഴിലുറപ്പുമേറ്റുമായിരുന്നു രേണുക. കുട്ടമ്പേരൂർ ആറിന്‍റെ തീരത്ത് തൊഴിലുറപ്പു പദ്ധതി ജോലി ചെയ്യുകയായിരുന്നു ഇവർ. ഉച്ചക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ച് തിരികെ വരുന്ന വഴി എസ്.കെ.വി ഹൈസ്കൂളിനു സമീപം പമ്പാ ഇറിഗേഷൻ കനാലിന്‍റെ അക്വഡക്റ്റിൽ പതിയിരുന്ന പ്രതി വെട്ടുകയായിരുന്നു.
ആദ്യം വയറിനു കുത്തുകയും തുടർന്ന് തലക്കടിച്ചു പരിക്കേൽപ്പിക്കുകയും നെഞ്ചിലും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഓട്ടോയിൽ മാവേലിക്കര ജില്ല ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് ഇവർ ചികിത്സയിലുള്ളത്.
ഇവരെ ആക്രമിച്ച ഭർത്താവിന്‍റെ ജ്യേഷ്ഠ സഹോദരൻ യോഹന്നാന്‍റെ മകൻ പ്ലാമ്മൂട്ടിൽ ജിജിമോനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കയ്യിൽ മുറിവുള്ളതിനാൽ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു.