വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത്; ലക്ഷങ്ങൾ തട്ടിയതിന് മൂന്ന് പേർക്കെതിരെ കേസ്
text_fieldsപറവൂർ: വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ കുരിയച്ചിറയിലെ സ്റ്റെർബിൽ ഇൻഫ്രാസ്ട്രക്ചർ ഉടമകളായ ശരത്ത്, ലിയോ ജോർജ്, കൃഷ്ണപ്രസാദ് എന്നിവർക്കെതിരെയാണ് പറവൂർ പൊലീസ് കേസെടുത്തത്. കരുമാല്ലൂർ വെളിയത്തുനാട് പുഞ്ചക്കടവ് പാലക്കശേരി വീട്ടിൽ രതീഷ്, ഭാര്യ ടിന്റു എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. 2024 മേയിലാണ് വീടുനിർമിക്കാനായി കരാറെഴുതിയത്.
തത്തപ്പിള്ളിയിലെ ഇവരുടെ 10 സെന്റ് സ്ഥലത്ത് 2156 ചതുരശ്രയടിയിൽ വീട് നിർമിച്ചുനൽകാമെന്ന വ്യവസ്ഥയിൽ കരാർ എഴുതിയിരുന്നു. തുടർന്ന് 46.37 ലക്ഷം രൂപ നൽകി. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും വീടു പൂർണമായി നിർമിച്ച് നൽകിയില്ലെന്നാണ് പരാതി. വീടിന്റെ പകുതി പണി പൂർത്തിയാക്കിയ ശേഷം ഇവർ മുങ്ങിയെന്നും പരാതിയിൽ പറയുന്നു.
പലതവണ ഇവരുമായി ബന്ധപ്പെട്ടെങ്കിലും നിർമാണം പൂർത്തിയാക്കി നൽകിയില്ലെന്നും പറയുന്നു. ജില്ലക്കകത്തും കേരളത്തിന്റെ പല പ്രദേശങ്ങളിലുമായി ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ ഈ സംഘം നടത്തിയതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

