ഹോട്ടലിൽ കവർച്ച: പ്രതി തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽനിന്ന് പിടിയിൽ
text_fieldsഭാഗ്യരാജ്
കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ കവർന്നയാൾ അറസ്റ്റിൽ. മിംസ് ഹോസ്പിറ്റലിന് സമീപം ശ്രീ ലക്ഷ്മി ഹോട്ടലിൽ കവർച്ച നടത്തിയ തമിഴ്നാട് തിരുവാരൂർ സ്വദേശി ഭാഗ്യരാജിനെയാണ് (41) സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസും സംഘവും തിരുവാരൂറിലെ മണ്ണാർഗുടിയിലെ ഉൾഗ്രാമത്തിൽ നിന്നും പിടികൂടിയത്. വിശദമായ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മേയ് 27നാണ് കേസിനാസ്പദമായ സംഭവം. ശ്രീലക്ഷ്മി ഹോട്ടലിൽ മാസങ്ങൾക്ക് മുമ്പ് കുറച്ചുകാലം ഭാഗ്യരാജ് ജോലിചെയ്തിരുന്നു. പിന്നീട് ഇവിടെയെത്തി കവർച്ച നടത്തുകയായിരുന്നു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കരുതിയ പണമാണ് കവർന്നത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി പിൻവാതിൽ പൊളിച്ച് അകത്ത് കയറുന്നത് വ്യക്തമായിരുന്നു. തമിഴ്നാട് സ്വദേശിയാണെങ്കിലും വയനാട്ടിലായിരുന്നു വർഷങ്ങളായി ഭാഗ്യരാജ് താമസിച്ചിരുന്നത്. എന്നാൽ കളവ് ചെയ്തതിന് ശേഷം പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. സാഹസികമായാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ് പ്രതിയെ പിടികൂടിയത്.
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. സ്പെഷൽ ആക്ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ റസൽരാജ്, രതീഷ് ഗോപാൽ, ഫൈസൽ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

