ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന എട്ട് വിദ്യാർഥികളുടെ കണ്ണിൽ പശ ഒഴിച്ച് സഹപാഠികളുടെ 'തമാശ'; ഒട്ടിപ്പിടിച്ച കണ്ണുകളുമായി എട്ടുപേരും ആശുപത്രിയിൽ
text_fieldsഭുവനേശ്വർ: ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വിദ്യാർഥികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ചു. കണ്ണുകൾ ഒട്ടിപ്പിടിച്ച അവശനിലയിലായ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാന്ധമാൽ ജില്ലയിലെ സലാഗുഡയിലുള്ള സേവാശ്രമം സ്‌കൂളിലാണ് സംഭവം.
മൂന്ന്, നാല്,അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ കണ്ണിലാണ് പശ ഒഴിച്ചത്. കുട്ടികളെല്ലാവരും ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. വേദനയും അസ്വസ്ഥതയും മൂലം കുട്ടികൾ ഞെട്ടിയുണർന്നപ്പോൾ കൺപോളകൾ ഒട്ടിയിരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ ഹോസ്റ്റൽ അധികൃതർ അവരെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് കൂടുതൽ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അടഞ്ഞു കിടക്കുന്ന കണ്ണുകളുമായി കരയുന്ന കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവരുടെ ഒട്ടിപ്പിടിച്ച കൺപോളകൾ ഡോക്ടർമാർ വേർപെടുത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കണ്ണുകളിൽ പശ ഒഴിക്കുന്നത് മൂലം കാഴ്ച ശക്തി തകരാറിലാകുന്നതടക്കം ഗുരുതരപ്രശ്നങ്ങളുണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവർക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ സാധിച്ചത് മൂലം അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിച്ചു.
ഒരു കുട്ടിയെ ചികിത്സക്കു ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഏഴുപേരും നിരീക്ഷണത്തിലാണ്. സംഭവത്തെതുടർന്ന് സ്കൂൾ പ്രധാനാധ്യാപകൻ മനോരഞ്ജൻ സാഹുവിനെ ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തു. ആശുപത്രിയലുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ ഓഫിസർ സന്ദർശിച്ചു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

